Poonjar

പൂഞ്ഞാര്‍ പള്ളിയില്‍ വൈദികനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ കേസില്‍ ആറ് യുവാക്കള്‍ പിടിയില്‍

പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സഹവികാരിയെ വാഹനം ഇടിപ്പിച്ച് വീഴ്ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ആറു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ കൂട്ടമണിയടിക്കുകയും ഇടവക ജനം ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം പള്ളിയില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് ഇടവക ജനം പ്രതിഷേധ പ്രകടനം നടത്തി.

പള്ളി കോംപൗണ്ടിലെ ബൈക്ക് റെയിസിംഗ് ചോദ്യം ചെയ്തതിലെ വിരോധമാണ് വൈദികനെ വാഹനമിടിപ്പിച്ച് വിഴ്ത്തിയത്. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ് സംഭവം.

പരിക്കേറ്റ അസിസ്റ്റന്റ് വികാരി ഫാ ജോസഫ് ആറ്റുചാലിനെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇടവകയ്ക്ക് പുറത്ത് നിന്നുള്ള ഒരുസംഘം യുവാക്കളാണ് പള്ളിമുറ്റത്ത് അക്രമം കാട്ടിയത്.

എട്ടോളം കാറുകളും അഞ്ച് ബൈക്കുകളിലുമായാണ് സംഘം എത്തിയത്. ഇതിനുമുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നെങ്കിലും ഇന്ന് പതിവില്‍ കൂടുതല്‍ ആളുകള്‍ എത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പാലാ ഡിവൈഎസ്പി കെ സദന്‍ സ്ഥലത്തെത്തി. നിരവധി ആളുകളും പള്ളിമുറ്റത്തെത്തി. ദേവാലയത്തില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് സാമൂഹ്യ വിരുദ്ധര്‍ കുരിശും തൊട്ടിയില്‍ റേയ്‌സിംഗ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *