General

ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി എല്‍ഡിഎഫിന്റെ പരാതിയില്‍മേല്‍

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് ഉത്തരവ്. എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇവ കണ്ടെത്തി നീക്കം ചെയ്യുന്ന സാഹചര്യത്തില്‍ അതിനുവരുന്ന ചെലവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് വകയിരുത്തുമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു.

എല്‍ഡിഎഫ് ആറന്മുള നിയോജക മണ്ഡലം സെക്രട്ടറിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമായ ഈ പത്മകുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി എത്തിയത്.

ആന്റോ ഇത്തരത്തില്‍ വെയിറ്റിംഗ് ഷെഡുകളില്‍ തന്റെ ചിത്രം ഉപയോഗിക്കുകയാണെങ്കില്‍ ഇടതു സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനും അതേ സ്ഥലത്ത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു പത്മകുമാറിന്റെ ആവശ്യം.

എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരുകളും ബസ് വെയിറ്റിംഗ് ഷെഡ്യൂളില്‍ നിന്നും ഫോര്‍ജി ടവറുകളില്‍ നിന്നും ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *