Crime

പ്ലാവ് കരി‍ഞ്ഞതിൽ തർക്കം, സംഘർഷം; ‌പ്രവാസി വ്യവസായി ഷാജിമോനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്

മാഞ്ഞൂരിലെ ബീസ ക്ലബ് ഹൗസിനു മുന്നിൽ പുറംപോക്കിൽ നിന്നിരുന്ന കൂറ്റൻ പ്ലാവ് പെട്ടെന്നു കരിഞ്ഞുണങ്ങിയ സംഭവത്തിൽ പ്രതിഷേധിച്ച പരിസ്ഥിതി പ്രവർത്തകരും കെട്ടിട ഉടമയും തമ്മിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പോലീസ്.

സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പരിസ്ഥിതി പ്രവർത്തക പ്രഫ. കുസുമം ജോസഫിന്റെ പരാതിയിൽ, ഹോട്ടൽ ഉടമ ഷാജിമോൻ ജോർജിനെതിരെ കടുത്തുരുത്തി പൊലീസാണ് കേസെടുത്തത്.

സ്തീത്വത്തെ അപമാനിക്കുന്ന രീതിയിൽ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കേസ്. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ തന്നെ ഷാജിമോൻ അധിക്ഷേപിക്കുകയും തള്ളി വീഴ്ത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കുസുമം ജോസഫിന്റെ പരാതി.

തിങ്കളാഴ്ച 11.45 ന് മാഞ്ഞൂരിലെ ഹോട്ടലിന് മുൻപിലാണ് സംഭവം. മുൻപ് ഹോട്ടലിന് പഞ്ചായത്ത് കെട്ടിട നമ്പർ നൽകാത്തതിനെ തുടർന്ന് നടുറോഡിൽ കിടന്ന് സമരം നടത്തുകയും മന്ത്രി തല ഇടപെടലിലൂടെ നമ്പർ സംബാധിച്ച് ഹോട്ടൽ ആരംഭിക്കുകയും ചെയ്ത പ്രവാസിയാണ് ഷാജിമോൻ ജോർജ്.

ഹോട്ടലിനു മുൻപിൽ പുറം പോക്കിൽ നിന്നിരുന്ന പ്ലാവ് പെട്ടന്ന് ഉണങ്ങി നശിച്ചതാണ് പ്രകൃതി സ്നേഹികളുടെ പ്രതിഷേധത്തിന് കാരണം. ഇത് സംബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതി പൊലീസിലും ജില്ലാ കലക്ടർക്കും വനം വകുപ്പിനും പഞ്ചായത്തിനും പരാതി നൽകിയിരുന്നു.

പ്ലാവ് രാസവസ്തു കുത്തിവച്ച് കരിച്ചത് ഹോട്ടൽ ഉടമ ഷാജിമോൻ ജോർജാണെന്ന് ആരോപിച്ചാണ് പരിസ്ഥിതി സംഘടന സമരം നടത്തിയത്. ഹോട്ടലിനു മുൻപിൽ പരിസ്ഥിതി പ്രവർത്തകരെ തടയാൻ ഷാജിമോനും സംഘവും ശ്രമിച്ചത് പൊലീസ് ഇടപെട്ട് തടഞ്ഞതാണ് ബഹളത്തിൽ കലാശിച്ചത്.

തുടർന്ന് തിങ്കളാഴ്ച രാവിലെ മാഞ്ഞൂർ ജംക്‌ഷനിൽ നിന്നും എൻഎപിഎം സംസ്ഥാന ഭാരവാഹി പ്രൊഫ. കുസുമം ജോസഫിന്റെ നേതൃത്വത്തിൽ പ്രകടനമായി പരിസ്ഥിതി പ്രവർത്തകർ ഹോട്ടലിനു സമീപം എത്തിയതോടെ ഉടമ ഷാജിമോൻ ജോർജ് സമരക്കാർക്കു നേരെ പാഞ്ഞടുക്കുകയും ബഹളം വയ്ക്കുകയും ചെയ്തു.

ഷാജിമോനെ പൊലീസ് തടയാൻ ശ്രമിച്ചതോടെ ഹോട്ടലിലെ തൊഴിലാളികളും എത്തി. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രഫ. കുസുമം ജോസഫുമായി വാക്കേറ്റമുണ്ടായി. തുടർന്ന് സമരക്കാർ റോഡിന് മറുവശത്ത് സമരം നടത്തി പിരിയുകയായിരുന്നു. ഹോട്ടലിന് മുന്നിൽ നിന്നിരുന്ന പ്ലാവ് പാർക്കിങ് സൗകര്യത്തിനായി ഏതോ രാസവസ്തു കുത്തിവച്ച് ഉണക്കിയത് ഹോട്ടൽ ഉടമയാണെന്നും ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *