Kottayam

മെഡിക്കല്‍ കോളജുകളിലെ ഒഴിവുകള്‍ നികത്തും: മന്ത്രി കെ. മുരളീധരന്‍

കോട്ടയം: മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടേതുള്‍പ്പെടെയുള്ള ഒഴിവുകള്‍ നികത്തുമെന്ന് ആരോഗ്യ-കുടുംബക്ഷേമ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. കായകല്‍പ്പം ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പി.എസ്.സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മാത്രമേ നിയമനം നടത്തുകയുള്ളൂവെന്നും ദിവസവേതനക്കാരെ നിയമിക്കില്ലെന്നും മന്ത്രി പറഞ്ഞു. സുതാര്യത ഉറപ്പു വരുത്തിയായിരിക്കും എല്ലാ നിയമനങ്ങളും.

സംസ്ഥാനത്തൊട്ടാകെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ മാരുടെ 500 അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ഇന്‍ഷുറന്‍സ് സേവനം ഉറപ്പാക്കാന്‍ നടപടിയെടുക്കും.
രോഗികള്‍ക്ക് ആശ്വാസം കിട്ടുന്ന ഇടങ്ങളായി ആശുപത്രികളെ മാറ്റും.

സ്വകാര്യആശുപത്രികള്‍ക്കൊപ്പമുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലും കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പാലിയേറ്റീവ് കെയറിനായി പ്രത്യേക വകുപ്പ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി, കാര്‍ഡിയോളജി ബ്ലോക്കുകളുടെ നിര്‍മ്മാണം വേഗത്തിലാക്കും. കോട്ടയം മെഡിക്കല്‍ കോളജിലെയും ആശുപത്രിയിലെയും പോരായ്മകളും അടിയന്തര ആവശ്യങ്ങളും വകുപ്പു മേധാവികളും വിദ്യാര്‍ഥി പ്രതിനിധികളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

നാട്ടകം സുരേഷ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.ജെ. സെബാസ്റ്റ്യയന്‍ എംഎല്‍എ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്‍, ആരോഗ്യ മന്ത്രിയുടെ മുഖ്യ ഉപദേശകന്‍ ഡോ. ഡി. സുനില്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി ജേക്കബ് തോമസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ്, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *