കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അവശ്യസർവീസിലെ തപാൽ ബാലറ്റ് വോട്ടെടുപ്പിനു തുടക്കം. കോട്ടയം ബസേലിയസ് കോളജിലെ പോസ്റ്റൽ വോട്ടിംഗ് സെന്ററിൽ ആദ്യദിനം 30 പേർ സമ്മതിദാനവകാശം രേഖപ്പെടുത്തി.
ഇന്നും ,നാളെയും ( ഏപ്രിൽ 21, 22) തീയതികളിലും വോട്ടിങ് തുടരും. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം. ഫോം 12 ഡി അപേക്ഷ നൽകി അനുമതി ലഭിച്ചവർക്കാണ് പോസ്റ്റൽ വോട്ട് രേഖപ്പെടുത്താൻ അവസരമുള്ളത്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, വകുപ്പിന്റെ/സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം എത്തണം.
സംസ്ഥാനത്ത് പൊലീസ്, അഗ്നിരക്ഷാസേന, ജയിൽ, എക്‌സൈസ്, മിൽമ, ഇലക്ട്രിസിറ്റി, ജലഅതോറിറ്റി, കെ.എസ്.ആർ.ടി.സി., ട്രഷറി, ആരോഗ്യ സർവീസസ്, വനം, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്നിവയെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അവശ്യസർവീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.