കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സർക്കാർ ഹൈസ്‌ക്കൂളിൽ 3.70 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച (ഫെബ്രുവരി 26) വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷനാവും.
നബാർഡ് ഫണ്ട് രണ്ടുകോടി രൂപയും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജിന്റെ ആസ്തി വികസന ഫണ്ടിൽനിന്നു 1.70 കോടി രൂപയും ചെലവഴിച്ചാണ് നിർമ്മാണം. 15000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് കെട്ടിടം നിർമാണം പൂർത്തീകരിച്ചത്. ഏഴ് ക്‌ളാസ് മുറികൾ, ഒരുഹാൾ, ഐ.ടി ലാബ്, ഓഫീസ് മുറി , ലൈബ്രറി, അടുക്കള, രണ്ട് സ്റ്റോർ റൂം, അഞ്ച് ശൗചാലയം എന്നീ സൗകര്യങ്ങളോടെയാണ് സ്‌കൂൾ കെട്ടിടം നിർമിച്ചിരിക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂൾ അങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ചടങ്ങിൽ അധ്യക്ഷയാവും.
ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ സ്വാഗതം ആശംസിക്കും. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരണം നടത്തും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് എം. മണി ഉപഹാരസമർപ്പണം നടത്തും. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പൊതു വിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകും.
ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ, ഗ്രാമ പഞ്ചായത്തംഗം ആന്റണി മാർട്ടിൻ, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഇ.ടി. രാകേഷ്, കൈറ്റ് ജില്ലാ കോർഡിനേറ്റർ കെ.ബി. ജയശങ്കർ, കാഞ്ഞിരപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എച്ച്. ഷൈലജ, കാഞ്ഞിരപ്പള്ളി എസ്.എസ്.കെ. ബി.പി.സി : അജാസ് വാരിക്കാട്, ജി.എച്ച്.എസ്.എൽ.പി.എസ് പ്രധാനധ്യാപിക പി.എം. ആച്ചിയമ്മ, ഹെഡ്മിസ്ട്രസ്സ് എം. ലീലാമണി, പൊൻകുന്നം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ.സേതുനാഥ്, മുൻ പ്രധാനധ്യാപകൻ സി.ആർ. സന്തോഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ബിബിൻ കെ. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.