Poonjar

കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറും സൺറൈസ് ഹോസ്പിറ്റൽ ഈരാറ്റുപേട്ടയും സംയുക്തമായി ലഹരിവിരുദ്ധ മെഗാ ക്യാമ്പയിനും വാക്കത്തോണും സംഘടിപ്പിച്ചു

പൂഞ്ഞാർ: ദേശീയ സേവന പദ്ധതി (NSS) ദിനത്തോടനുബന്ധിച്ച് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാർ എൻ.എസ്.എസ് യൂണിറ്റുകളുടെ (99 & 73) നേതൃത്വത്തിൽ ലഹരിവിരുദ്ധ മെഗാ ക്യാമ്പയിനും വാക്കത്തോണും സംഘടിപ്പിച്ചു. വലിയ ജനപങ്കാളിത്തത്തോടും അച്ചടക്കത്തോടും കൂടി നടന്ന പരിപാടി കോളേജിന്റെ ചരിത്രത്തിൽ വേറിട്ടൊരു അനുഭവമായി മാറി.

കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജ്ജ് ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോൺ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പാലാ ഡിവൈ.എസ്.പി കെ. സദൻ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് എൻ.എസ്.എസ് വളണ്ടിയർമാരെ ‘തൂഫാൻ കമാൻഡോകൾ’ ആയും, കോളേജിലെ മുഴുവൻ വിദ്യാർത്ഥികളെയും ജീവനക്കാരെയും സൺറൈസ് ഹോസ്പിറ്റലിലെ അംഗങ്ങളെയും ‘തൂഫാൻ വാരിയേഴ്സ്’ ആയും അദ്ദേഹം പ്രഖ്യാപിച്ചു.

ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി. പി. നാസർ വിശിഷ്ടാതിഥിയായി പങ്കെടുത്ത് കമാൻഡോകൾക്കുള്ള ബാഡ്ജ് വിതരണം നിർവ്വഹിച്ചു. ഈരാറ്റുപേട്ട റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ്, ജനമൈത്രി സബ് ഇൻസ്പെക്ടർ ബിനോയി തോമസ് എന്നിവർ ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകി. സൺറൈസ് ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഒ പ്രകാശ് മാത്യു, സി.ഒ.ഒ സോനു എസ്. എസ്. എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ലഘുഭക്ഷണവും വേദിയും ഒരുക്കിയിരുന്നു.

എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി ഗോപിക കെ. എസ്. സദസ്സിന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കോളേജ് മ്യൂസിക് ക്ലബ്ബ് ലഹരിവിരുദ്ധ ഗാനം അവതരിപ്പിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ അൽ-സഹീർ എസ്. എസ്., അഖിൽ കെ. എസ്., അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർമാരായ മാർട്ടിൻ, ജെഫ്സിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കോളേജിലെ മുഴുവൻ അധ്യാപക-അനധ്യാപക ജീവനക്കാരുടെയും, പി.ടി.എയുടെയും, എക്സാം സെല്ലിന്റെയും, വിവിധ വകുപ്പ് മേധാവികളുടെയും പൂർണ്ണ പിന്തുണയോടെയാണ് പരിപാടി വിജയകരമായി പൂർത്തിയായത്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെയും എക്സൈസ് ഡിപ്പാർട്ട്‌മെന്റിന്റെയും മേൽനോട്ടത്തിൽ നടന്ന വാക്കത്തോണിന് ഈരാറ്റുപേട്ടയിലെ നാട്ടുകാരും വ്യാപാരികളും ഓട്ടോ-ടാക്സി തൊഴിലാളികളും മികച്ച പിന്തുണയാണ് നൽകിയത്. ഐ.എച്ച്.ആർ.ഡി മാനേജ്‌മെന്റും എൻ.എസ്.എസ് സെല്ലും പരിപാടിക്ക് എല്ലാവിധ മാർഗ്ഗനിർദ്ദേശങ്ങളും നൽകി.

Leave a Reply

Your email address will not be published. Required fields are marked *