വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തവും 10 വർഷം തടവും. തലശേരി അഡീഷണൽ സെക്ഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റം, അതിക്രമിച്ച് കന്ന് ആക്രമിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷ.
കൊലക്കുറ്റത്തിന് ജീവപര്യന്തവും അതിക്രമിച്ച് കടന്ന് ആക്രമിച്ചതിന് 10 വർഷം തടവുമാണ് ശിക്ഷ. കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും ചുമത്തി. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു.
പാനൂർ വള്ള്യായി സ്വദേശിനിയായ 23-കാരി വിഷ്ണുപ്രിയ 2022 ഒക്ടോബർ 22നാണ് കൊല്ലപ്പെട്ടത്. പ്രണയപ്പകയെ തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ പട്ടാപ്പകൽ അതിക്രമിച്ച് കയറിയ പ്രതി ചുറ്റികകൊണ്ട് തലക്കെടിച്ചു വീഴ്ത്തി കഴുത്തുറത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊല നടത്താനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ കണ്ട വിഷ്ണുപ്രിയയുടെ ആൺ സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. കൊല നടന്ന ദിവസം പ്രതി തന്നെ അറസ്റ്റിലുമായി. എല്ലാം ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ശ്യാംജിത്ത് തന്നെയാണ്. 49 പ്രോസിക്യൂഷൻ സാക്ഷികൾ, 40 തൊണ്ടിമുതലുകൾ, 102 രേഖകൾ എന്നിവ കുറ്റപത്രത്തിന്റെ ഭാഗം.
വിഷ്ണുപ്രിയുടെ ശരീരത്തിലെ 29 മുറിവുകളിൽ 10 എണ്ണം കൊലക്കുശേഷം. കഴുത്ത് 75% മുറിഞ്ഞ് തൂങ്ങി. കൃത്യത്തിന്റെ ക്രൂരത വെളിവാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചുറ്റിക, ഉളി, ഇരുതല മൂർച്ചയുള്ള കത്തി, ഇലക്ട്രിക് കട്ടർ, തുടങ്ങി പ്രതി ഉപയോഗിച്ച ആയുധങ്ങളെല്ലാം വീണ്ടെടുക്കാനായി. ശാസ്ത്രീയ തെളിവുകളും കേസിൽ പ്രധാനമായി.