Erattupetta

തീക്കോയി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ നിർമ്മാണ പൂർത്തീകരണത്തിലേക്ക്

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളായ തീക്കോയി ഗവൺമെന്റ് ഹൈസ്കൂൾ കഴിഞ്ഞ 40 വർഷക്കാലമായി വളരെ പരിമിതമായ സൗകര്യങ്ങളിലുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഇപ്പോൾ ഈ സ്‌കൂളിന് ഈരാറ്റുപേട്ട നഗരസഭയുടെയും, തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയായ ആനയിളപ്പിൽ 2 ഏക്കർ 40 സെന്റ് സ്ഥലത്ത് 7.50 കോടി രൂപ അനുവദിച്ച് സ്കൂൾ കെട്ടിട നിർമ്മാണം അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ആകെ മൂന്നുനിലകളിലായി 26580 സ്ക്വയർഫീറ്റ് കെട്ടിടമാണ് നിർമ്മാണം പൂർത്തീകരിച്ചു വരുന്നത്. 6 സ്മാർട്ട് ക്ലാസ്സ് റൂമുകൾ, 4 ലബോറട്ടറികൾ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും 2 വീതം ആകെ 4 ടോയ്‌ലറ്റ് ബ്ലോക്കുകൾ, അംഗപരിമിതർക്കുള്ള പ്രത്യേക ടോയ്ലറ്റ്, സ്കൂൾ സൂപ്രണ്ടിന്റെ മുറി, ഇൻസ്ട്രക്ടർമാർ ഉൾപ്പെടെയുള്ള സ്റ്റാഫുകൾക്കായി നാല് സ്റ്റാഫ് റൂമുകൾ,അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് , സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായി പ്രത്യേക മുറി , ഇലക്ട്രിക്കൽ ആൻഡ് ഫയർ റൂം ,കോമൺ ഏരിയ, നടുമുറ്റം, ലിഫ്റ്റ് തുടങ്ങിയവ ഉൾപ്പെടെയാണ് മനോഹരമായ സ്കൂൾ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

ഇനിയും ഒരു ഫ്ലോർ കൂടി നിർമ്മിക്കാവുന്ന വിധത്തിൽ നാല് നിലയുടെ ഫൗണ്ടേഷനാണ് രൂപകല്പന ചെയ്ത് നിർമിച്ചിട്ടുള്ളത്. ഫിനിഷിംഗ് പണികൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇലക്ട്രിക്കൽ, പ്ലംബിംഗ് പണികളുടെ പൂർത്തീകരണം , കതകുകൾ, ജനൽ ഗ്ലാസുകൾ മുതലായ ഘടിപ്പിക്കുക, അവസാന ഘട്ട പെയിന്റിംഗ് എന്നിവ മാത്രമാണ് ഇനി അവശേഷിക്കുന്ന പണികൾ.

ഇവയെല്ലാം പരമാവധി ഒരു മാസത്തിനുള്ളിൽ പൂർത്തീകരിച്ച് ജൂൺ മാസത്തിൽ പുതിയ അധ്യായന വർഷ ആരംഭത്തിൽ തന്നെ പുതിയ സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നതെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കൂട്ടിച്ചേർത്തു.

പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സ്കൂൾ ഔപചാരികമായി നാടിന് സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *