അതിരമ്പുഴ സ്വദേശിയായ നാല് വയസ്സുകാരന് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് കുട്ടിയെ ഓഗസ്റ്റ് 8ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
അസുഖബാധിതനായ കുട്ടി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഓഗസ്റ്റ് 6 ന് ഹോട്ടലിൽനിന്നു ചിക്കൻ മന്തി വാങ്ങി കഴിച്ചിരുന്നു. ഈ ആഹാരം കഴിച്ചാണോ കുട്ടിക്ക് അസുഖം പിടിപെട്ടതെന്നു സംശയിക്കുന്നു. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.





