General

മനുഷ്യജീവനും, കൃഷിക്കും നാശംവരുത്തുന്ന കാട്ടുപന്നികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യും: മിനര്‍വാ മോഹന്‍

ജനവാസ മേഖലകളില്‍ മനുഷ്യജീവനും കൃഷിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ നിയമാനുസൃതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനര്‍വാ മോഹന്‍. കാട്ടുപന്നികളുടെ ശല്യത്തിനെതിരെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കാന്‍ കുന്നോന്നി ജനമൈത്രി റെസിഡന്‍സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രദേശത്തെ കര്‍ഷകരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മിനര്‍വാ മോഹന്‍.

തെക്കേക്കര പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അംഗീകൃത ഷൂട്ടര്‍മാരുടെ യോഗം 19 ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കുന്നോന്നി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹാളില്‍ നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പ്രദേശത്തെ കര്‍ഷകരും, കര്‍ഷക സംഘടനകളും യോഗത്തില്‍ പങ്കെടുക്കും.

നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ തുരത്തുന്ന നടപടികള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കുവാനും യോഗം തീരുമാനിച്ചു. അംഗീകൃത ലൈസന്‍സുള്ള ഷൂട്ടര്‍മാര്‍ക്ക് പഞ്ചായത്തിന്റെ അനുമതിക്കായി ഇനിയും അപേക്ഷിക്കാവുന്നതാണ്. കാട്ടുപന്നികള്‍ മൂലം കൃഷിനാശം സംഭവിച്ചവര്‍ അക്ഷയ സെന്റര്‍ മുഖേന ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന് അപേക്ഷ നല്കണം.

കുന്നോന്നി പ്രദേശത്ത് വനഭൂമിയില്ല. മലയോര മേഖലയിലെ ആള്‍താമസം മാറിയതാണ് കാട്ടുപന്നികള്‍ പെരുകാന്‍ കാരണം. ഇതിന് വിരുദ്ധമായി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും റെസിഡന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.

പ്രസിഡന്റ് പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ജോസഫ് വഞ്ചിപ്പുരയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബീന മധുമോഹന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനിയമ്മ സണ്ണി, സി.എസ്. സുജിത്ത്, കൗണ്‍സില്‍ സെക്രട്ടറി ജാന്‍സ് വയലിക്കുന്നേല്‍, വക്കച്ചന്‍ പുളിക്കക്കുന്നേല്‍, സെബാസ്റ്റ്യന്‍ കുറ്റിയാനി, ജിമ്മിച്ചന്‍ ഇലഞ്ഞിമറ്റത്തില്‍, പ്രതിച്ഛായ കര്‍ഷക സംഘം പ്രസിഡന്റ് ജോസ് വടകര, സിബി പുളിക്കക്കുന്നേല്‍, തൊമ്മച്ചന്‍ കോക്കാട്ട്, സുനില്‍ കെ. മാത്യു മംഗലത്ത്, ജോസ് ചാലിക്കോട്ടയില്‍, കൊച്ച് അമ്പഴത്തനാകുന്നേല്‍, ഷിനോ തുരുത്തിയില്‍, ജോര്‍ജ്ജുകുട്ടി പ്ലാത്തോട്ടം, സിബി വരവുകാലായില്‍, ഷാജി കൊടയ്ക്കനാല്‍, ജോര്‍ജ്ജുകുട്ടി കുറ്റിയാനിക്കല്‍, റോയി വരവുകാലായില്‍, ജോജോ വാളിപ്ലാക്കല്‍, സണ്ണി പ്ലാത്തോട്ടം, സിബി മാറാമറ്റം എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *