Kottayam

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു; സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി

കോട്ടയം : സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പു നടക്കുന്ന കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

പാമ്പാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ്(കുമ്പന്താനം), മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്(ചീരംകുളം) കോട്ടയം ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനിൽ(തൃക്കൊടിത്താനം) ഉൾപ്പെടുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 12, 16,17,18,19 വാർഡുകൾ, പായിപ്പാട് ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 17 വരെ വാർഡുകൾ, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 22 വരെ വാർഡുകൾ, വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകൾ എന്നിവടങ്ങളിലാണ് അവധി.

പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് സെപ്റ്റംബർ 27, 28 തീയതികളിൽ അവധിയായിരിക്കും. ഉപതരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളുമായ വെള്ളൂർ ടെക്നിക്കൽ സ്‌കൂളിനും ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂളിനും വോട്ടെണ്ണൽ ദിനമായ സെപ്റ്റംബർ 29ന് അവധിയായിരിക്കും.

മദ്യനിരോധനം

ഉപതരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സെപ്റ്റംബർ 28 വൈകുന്നേരം ആറു മണിക്ക് മുൻപുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനിമായ 29നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ വോട്ടർമാരാണെന്നു തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ വോട്ടു ചെയ്യുന്നതിന് മേലധികാരികൾ അനുമതി നൽകണമെന്നും കളക്ടർ അറിയിച്ചു.

ഉദ്യോഗസ്ഥർ 27ന് രാവിലെ എത്തണം. സെപ്റ്റംബർ 28ന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 29ന് രാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ ഉത്തരവിൽ നിർദേശിച്ചിരിക്കുന്ന കേന്ദ്രത്തിൽ സെപ്റ്റംബർ 27ന് രാവിലെ പത്തിനു മുൻപ് എത്തിച്ചേരണം

Leave a Reply

Your email address will not be published. Required fields are marked *