ബേസ് അപ്രേം നസ്രാണി ദയറാ കാപ്പും തലയിൽ സ്ഥാപിക്കപ്പെട്ടതിന്റെ ഇരുപതാം വാർഷികം സമുചിതമായി ആചരിച്ചു. കുറവിലങ്ങാട്, കടുത്തുരുത്തി, മുട്ടുചിറ , കോതനല്ലൂർ എന്നീ പൗരാണിക നസ്രാണി കേന്ദ്രങ്ങളുടെ മധ്യത്തിലായി 2006 സെപ്റ്റംബർ 25നാണ് നസ്രാണി ദയറായുടെ അടിസ്ഥാനം ഉറപ്പിക്കപ്പെട്ടത്.
പാലാ രൂപതയുടെ മെത്രാനും ദയറായുടെ രക്ഷാധികാരിയുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അപ്പെസ്കോപ്പായുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മേലധ്യക്ഷൻ അഭി. മാർ ഔഗിൻ കുറിയാക്കോസ്, സിറിയൻ ഓർത്തഡോക്സ് സഭയുടെ ഓറശ്ലേം ഭദ്രാസനത്തിന്റെ പാത്രിയാർക്കൽ മെട്രോപോളിറ്റൻ വികാരിയും വീട്ടൂർ ദയറായുടെ അധിപനുമായ അഭി. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത എന്നിവർ സംബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി.
സെപ്റ്റംബർ 25 വെള്ളി വൈകുന്നേരം ആറുമണിക്ക് ബേസ് സ്ലീവായുടെ മുന്നിൽ പുറത്തു നമസ്കാരത്തിന് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ദയറാകളിലൂടെയാണ് സഭയുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതെന്നും ദയറാകൾ ഇനിയും ആരംഭിച്ച് സഭകളും സമുദായവും നവീകരിക്കപ്പെടണമെന്നും അധ്യക്ഷ പ്രസംഗത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
സങ്കീർത്തനങ്ങൾ ചെല്ലുന്ന ഈശോയുടെയും മർത്ത് മറിയത്തിന്റെയും ശ്ലീഹന്മാരുടെയും പാരമ്പര്യം മാർത്തോമ്മാ നസ്രാണികൾക്ക് ഉണ്ടായിരുന്നെന്നും വൈദികരും അല്മായരുമെല്ലാം സങ്കീർത്തനങ്ങൾ അനുദിനം പ്രാർത്ഥിക്കുന്ന ആത്മീയ സംസ്കാരത്തിലേക്ക് വളർന്ന് നസ്രാണിത്തനിമ വീണ്ടെടുക്കണമെന്നും അഭിവന്ദ്യ പിതാവ് സൂചിപ്പിച്ചു.
ദയറാകളിൽ സന്യാസിമാർ ചെയ്തിരുന്നത് പോലെ നമ്മുടെ പൂർവികർ സങ്കീർത്തനങ്ങളും കുർബാനയിലെ പ്രാർത്ഥനകളും ചെറുപ്പം മുതൽ ഉപയോഗിച്ച് മന:പാഠമാക്കിയിരുന്നെന്ന് സൂചിപ്പിച്ച മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത സുറിയാനി പാരമ്പര്യങ്ങൾ സംരക്ഷിക്കുന്ന പരിശ്രമങ്ങളിലൂടെ സഭകൾക്ക് വലിയ ഉപകാരമാണ് ദയറാകൾ നൽകുന്നതെന്ന് ഓർമ്മിപ്പിച്ചു. മാർ അപ്രേമിന്റെ കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ചുറ്റും താമസിച്ചിരുന്നവർ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിരുന്നതു പൊലെ നമ്മുടെ സൽപ്രവർത്തികൾ കണ്ട് ക്രിസ്ത്യാനികൾ ആണെന്ന് മറ്റുള്ളവർ തിരിച്ചറിയുന്നതിനും നമ്മളെ അനുകരിക്കുന്നതിനും ഇടയാകണമെന്ന് തൻ്റെ അനുഗ്രഹപ്രഭാഷണത്തിൽ അഭിവന്ദ്യ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപോലീത്ത പറഞ്ഞു.
മാർഗംകളി, പരിചയ മുട്ടുകളി, റമ്പാൻ പാട്ട് തുടങ്ങിയ നസ്രാണി കലകളും സുറിയാനി സംഗീതം, സംഗീതോപകരണങ്ങൾ തുടങ്ങിയവയുടെയും മദ്ബഹാ ശുശ്രൂഷികൾ, ഗാന ശുശ്രൂഷകർ തുടങ്ങിയവരുടെയും പരിശീലനം ഉൾക്കൊള്ളുന്ന APPAN Nazrani Heritage Club പ്രവർത്തനങ്ങൾ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഉദ്ഘാടനം ചെയ്തു.
ദയറായിൽ നടത്തപ്പെട്ട കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം അഭിവന്ദ്യ പിതാക്കന്മാർ നിർവഹിച്ചു . ദയറായുടെ സ്ഥാപകൻ കൂനമ്മാക്കൽ തോമാ കത്തനാർ, അർക്കദിയാക്കോന്മാർ, പള്ളിവീട്ടിൽ- പറമ്പിൽ ചാണ്ടി മെത്രാൻ, ഗോവർണദോർ പാറേമ്മാക്കൽ തോമാ കത്തനാർ, കുടക്കച്ചിറ അന്തോനിക്കത്തനാർ, നിധീരിക്കൽ മാണി കത്തനാർ എന്നിവരെ അനുസ്മരിച്ച യോഗത്തിൽ നസ്രാണി സംസ്കൃതിയുടെ പരിരക്ഷണവും പരിശീലനവും കൂടി നസ്രാണി സമുദായം ശ്രദ്ധ ചെലുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.
സുറിയാനി ഭാഷയുടെ പഠനം ഉൾക്കൊള്ളുന്ന സ്ലീവാ സ്കൂൾ, മാർത്തോമ്മാ മാർഗം പരിശീലിപ്പിക്കുന്ന ഹെന്തോ അക്കാദമി, പിതാക്കന്മാരെയും ചരിത്ര സംഭവങ്ങളെയും അനുസ്മരിക്കുന്ന ആവാഹാസാ, പാറേമ്മാക്കൽ ലൈബ്രറി, കരിയാറ്റിൽ മ്യൂസിയം എന്നിവയാണ് ദയറായിൽ ഉള്ളത്. എല്ലാദിവസവും രാവിലെ 6. 30ന് സുറിയാനി ഭാഷയിലുള്ള പരിശുദ്ധ കുർബാന അർപ്പണം നടക്കുന്നു. പരിശുദ്ധ കുർബാനയിൽ വിശുദ്ധ മൽക്കാ ഉപയോഗിച്ചുള്ള ഗോതമ്പപ്പം, മുന്തിരിച്ചാറ് എന്നിവ ആണ് ഉപയോഗിക്കുന്നത്.
ഈശോയും ശിഷ്യന്മാരും പതിവുപോലെ സിനഗോഗുകളിൽ കൂടിയിരുന്ന പാരമ്പര്യം പതിനെട്ടാം നൂറ്റാണ്ട് വരെ പിന്തുടർന്നുവന്ന നസ്രാണികളുടെ യഹൂദ പാരമ്പര്യം വീണ്ടെടുക്കാനായി ശനിയാഴ്ചകളിൽ വിശ്വാസികൾക്കായി സായാഹ്ന നമസ്കാരം (സന്ധ്യ പ്രാർത്ഥന ), സമുദായ യോഗം എന്നിവ പ്രത്യേകം ക്രമീകരിക്കുന്നു. ദനഹാ (രാക്കുളി പെരുന്നാൾ ), പെസഹാ, മാർ തോമാ ശ്ലീഹായുടെയും മാർ അപ്രേമിൻ്റെയും ദുക്റാനകൾ എന്നിവയാണ് പ്രധാന തിരുനാളുകൾ.





