മാർ തോമാ ശ്ലീഹായുടെ ദുക്റാനാ തിരുനാളിനോട് അനുബന്ധിച്ച് കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായിൽ ജൂലൈ 2, വ്യാഴം വൈകുന്നേരം 6.30 ന് സായാഹ്ന നമസ്കാരവും മാർത്തോമ്മാ നസ്രാണി സമുദായ യോഗവും സംഘടിപ്പിച്ചു.
ഒന്നാം നൂറ്റാണ്ടിൽ മിശിഹാ മാർഗ്ഗം ഹെന്തോയിൽ( INDIA) എത്തിച്ച ക്രിസ്തു ശിഷ്യൻ മാർ തോമാ ശ്ലീഹായുടെ ഓർമ്മ വലിയ പ്രാധാന്യത്തോടെ ആണ് ഒന്നാം നൂറ്റാണ്ട് മുതൽ ആചരിച്ചു വരുന്നത്. മാർ തോമാ ശ്ലീഹായുടെ പാരമ്പര്യം ഉള്ള നസ്രാണി സമുദായം ഇന്ന് വിവിധ സഭകളിൽ ആയി ആണ് നിലകൊള്ളുന്നത്.
വിവിധ നസ്രാണി സഭകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. ഭാരതത്തിലും മലങ്കരയിലും പ്രത്യേകിച്ചു മലയാളികളുടെ ഇടയിൽ ശക്തമായ സാന്നിധ്യം ഉള്ള നസ്രാണി സമുദായം രാജ്യത്തിനും ക്രൈസ്തവ സഭയ്ക്കും അതുല്യമായ സേവനം ഒന്നാം നൂറ്റാണ്ട് മുതൽ എല്ലാ നൂറ്റാണ്ടുകളിലും നൽകി വന്നവരാണ്.
യൂറോപ്പിൽ നിന്നുള്ള മിഷണറിമാർ എത്തുന്നതിനു നൂറ്റാണ്ടുകൾക്കു മുൻപേ AD ഒന്നാം നൂറ്റാണ്ട് മുതൽ ഇട മുറിയാത്ത ശ്ലൈഹീ ക പൈതൃകമുള്ള കമ്മ്യൂണിറ്റി ആണ് നസ്രാണി സമുദായം. ഈശോ മിശിഹായുടെയും മർത്ത് മറിയത്തിൻ്റെയും ശ്ലീഹന്മാരുടെയും ആദിമ സഭയുടെയും സുറിയാനി പാരമ്പര്യം ആരാധനാ ക്രമത്തിലും ആത്മീയതയിലും ഇട മുറിയാതെ തുടർന്നു വരുന്ന മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യങ്ങളുടെ സംരക്ഷണവും പഠനവും പരിശീലനവും ആണ് നസ്രാണി ദയറായുടെ ലക്ഷ്യം.
റംശ നമസ്കാരത്തിനു ശേഷം റേശ് ദയറാ മേക്കാട്ടുകുന്നേൽ ആൻഡ്രൂസ് അച്ചൻ അധ്യക്ഷത വഹിച്ച സമുദായ യോഗത്തിൽ മുഖ്യ അതിഥി ആയി കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. മോൻസ് ജോസഫ് പങ്കെടുത്തു. നസ്രാണി ജാത്യൈക്യ സംഘം (NJS) പ്രസിഡൻ്റും യാക്കോബായ സുറിയാനി സഭയുടെ മുൻ സെക്രട്ടറിയുമായ ഷെവ. ഉമ്മച്ചൻ വേങ്കടത്ത്, കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോയി ജോർജ് വെട്ടിക്കത്തടത്തിൽ, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സിബി മാണി, കോട്ടയം ജില്ല പഞ്ചായത്ത് മെംബർ കുമാരി ആൻ മരിയ ജോർജ് പന്തിരുപറയിൽ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ശ്രീമതി ലൈസമ്മ തോമസ്, ശ്രീ ജോസ് പുത്തൻകാലാ, കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ലില്ലിക്കുട്ടി ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ജനപ്രതിനിധികളെ യോഗത്തിൽ ആദരിച്ചു. യോഗത്തിൽ ശ്രീ. ജോസ്കുട്ടി മരങ്ങാട്ടിൽ ഹെന്തോയിലെ നസ്രാണി സഭയുടെ സഹോദരീ സഭ ആയിരുന്ന പേർഷ്യയിലെ സഭയിൽ 4-)o നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാർ അപ്രേം മല്പാൻ, മാർ തോമാ ശ്ലീഹയെയും ഹെന്തോയിലെ അദ്ദേഹത്തിൻ്റെ പ്രേഷിത പ്രവർത്തനത്തെയും കുറിച്ച് എഴുതിയ പുരാതന രേഖകളും മറ്റു പുരാതന തെളിവുകളും ഉൾക്കൊള്ളുന്ന ക്ലാസ് നയിച്ചു. മാർ തോമാ ശ്ലീഹായുടെ ഭാരത പ്രേഷിതത്വം ഉള്ളടക്കം ആയിരിക്കുന്ന നസ്രാണി കലാ രൂപമായ മാർഗ്ഗം കളി, പരിശീലകരായ ആശാന്മാർ അവതരിപ്പിച്ചു. ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് സപ്ര നമസ്കാരവും 6.30 ന് സുറിയാനി ഭാഷയിൽ റാസ ക്രമത്തിലുള്ള പരിശുദ്ധ കുർബാന അർപ്പണവും ഉണ്ടായിരുന്നു. നേരിട്ടും ഓൺലൈനിലും ആയി പരിശീലനങ്ങൾ, നസ്രാണി സമുദായ യോഗങ്ങൾ എന്നിവ തുടർച്ചയായി നടന്നു വരുന്നു. സുറിയാനിയും ചരിത്രവും ഉൾപ്പെടെ പരിശീലിപ്പിക്കുന്ന സ്ലീവാ സ്കൂൾ, ഹെന്തോ അക്കാദമി, പാറേമാക്കൽ ലൈബ്രറി, കരിയാറ്റി മ്യൂസിയം, എല്ലാ യാമങ്ങളിലും ഉള്ള പ്രാർഥനകൾ, ദയറായിൽ ശനിയാഴ്ചകളിൽ വൈകുന്നേരം 6.30 ന് റംശ നമസ്കാരത്തിനു ശേഷം 7 മണിക്കും വിവിധ സ്ഥലങ്ങളിൽ denetralization ൻ്റെ ഭാഗമായും നടക്കുന്ന നസ്രാണി ജാത്യൈക്യ സംഘം ( NJS) ദേശ യോഗങ്ങൾ, തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് നടന്നു വരുന്നത്. മാർഗ്ഗം കളി, പരിച മുട്ടുകളി , റമ്പാൻ പാട്ട്, സുറിയാനി പാട്ടുകൾ, സംഗീത ഉപകരണങ്ങൾ തുടങ്ങി നസ്രാണി കലകളും സാംസ്കാരിക പാരമ്പര്യങ്ങളും പരിശീലിപ്പിക്കാൻ ‘ അപ്പൻ ‘ഹെറിറ്റേജ് പ്രോഗ്രാമും പ്രാരംഭ നടപടികളിൽ ആണ്. പരി. കുർബാന സംബന്ധിച്ചു നടത്തിയ ഓറിയൻ്റേഷൻ സീരീസ് ലെ പേപ്പറുകൾ printed book ആയി പ്രകാശനം ചെയ്തു. ഇതുൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങൾ ദയറായിൽ ലഭ്യമാണ്





