Pala

വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി വിശ്വാസോത്സവത്തിന് സമാപനം

പൂവരണി: ഏപ്രിൽ ഒന്നാം തീയതി മുതൽ തുടങ്ങിയ വിശ്വാസോത്സവത്തിന് ശനിയാഴ്ച വിശ്വാസ പ്രഖ്യാപന റാലിയോട് കൂടി സമാപനമായി. പൂവരണി എസ് എച്ച് സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിളക്കുംമരുത് ജംഗ്ഷനിലേക്ക് നടത്തിയ വിശ്വാസ പ്രഖ്യാപന റാലി പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഫ്ലാഗ് ഓഫ് ചെയ്തു.

വിശുദ്ധ തോമാശ്ലീഹാ വഴിയായി പകർന്നു കിട്ടിയ വിശ്വാസ പാരമ്പര്യങ്ങൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുവരുന്നവ ഇനിയും നിലനിൽക്കണമെന്നും അതിന് കോട്ടം വരാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതാണെന്നും വിശ്വാസത്തിൽ അടിയുറച്ചു നിന്നുകൊണ്ട് ആധുനിക വെല്ലുവിളികളെയും പ്രതിസന്ധികളെയും വിജയപൂർവ്വം തരണം ചെയ്യുന്നതിന് കുട്ടികൾ പ്രാപ്തരാവണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഓരോരുത്തരും അവർ ആയിരിക്കുന്ന മേഖലകളിൽ പ്രേക്ഷിത വേല ചെയ്യാൻ കടപ്പെട്ടവരാണ് എന്നും ഡയറക്ടർ ഓർമിപ്പിച്ചു. വിശ്വാസോത്സവത്തിലൂടെ ദൈവത്തെയും ദൈവികാര്യങ്ങളെയും കുറിച്ചുള്ള ബോധ്യങ്ങൾ നേടണമെന്നും നേടുന്ന ബോധ്യങ്ങൾക്ക് വിശ്വാസാനുസൃതമായ ഒരു നല്ല മനോഭാവം സൃഷ്ടിച്ചെടുക്കണമെന്നും പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. മാത്യു തെക്കേൽ അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

വിശ്വാസ പ്രഖ്യാപന ജപമാല റാലി വിളക്കുംമരുത് ജംഗ്ഷനിൽ എത്തിച്ചേർന്നപ്പോൾ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പഠനത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും കളികളിലൂടെയും ആശയങ്ങൾ പ്രായോഗിക ജീവിതത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതിനുള്ള വലിയൊരു വേദിയായും ഇടവകയിലെ വിവിധ സംഘടനകളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവേദിയായും മാറിയ വിശ്വാസോത്സവം വർദ്ധിച്ച ഉത്സാഹത്തോടെ ദൈവ മഹത്വത്തിനും വളർന്നുവരുന്ന തലമുറയുടെ നന്മയ്ക്കുമായി കുട്ടികൾ ഏറ്റെടുത്തു.

പൂരണി എസ് എച്ച് സൺഡേ സ്കൂളിലെ വിശ്വാസോത്സവത്തിന് വികാരി ഫാ. മാത്യു തെക്കേൽ, അസിസ്റ്റൻറ് വികാരി ഫാ. എബിൻ തെള്ളിക്കുന്നേൽ, ഹെഡ്മാസ്റ്റർ മനു കൂനാനിക്കൽ, അധ്യാപകർ, ആനിമേറ്റേഴ്സ്, ഗ്രൂപ്പ് ലീഡേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *