Pala

കന്യാസ്ത്രീയുടെ കൊലപാതകം; ആദ്യം പരാതി ഉന്നയിച്ചത് ആക്ഷൻ കൗൺസിൽ

പാലാ: ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന പരാതി ആദ്യം ഉന്നയിച്ചത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് കൺവീനറായ സിസ്റ്റർ അമല കേസ് ആക്ഷൻ കൗൺസിലായിരുന്നു.

പാലായിലെ മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഈ കേസുമായി സംസാരിക്കുന്നതിനിടെ ഒരു അഭിഭാഷകനാണ് ചേറ്റുതോട് മഠത്തിലും സമാനരീതിയിൽ ഒരു കന്യാസ്ത്രീ മരണമടഞ്ഞുവെന്ന സൂചന എബി ജെ ജോസിനും സഹപ്രവർത്തകർക്കും നൽകിയത്.

തുടർന്നു സംഭവത്തെ നടത്തിയ അന്വേഷണത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട അതേ വിധമാണ് സിസ്റ്റർ ജോസ്മരിയയും മരണപ്പെട്ടതെന്ന് മനസിലാക്കി. തുടർന്നു മഠാധികൃതരുമായി സംസാരിച്ചെങ്കിലും അവർ സ്വഭാവിക മരണമെന്നതിൽ ഉറച്ചു നിന്നു. ജോസ് മരിയ കരയുന്ന ശബ്ദം കേട്ട് ചെന്നപ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നുവെന്നും ചുറ്റും രക്തം മുണ്ടായിരുന്നുവെങ്കിലും സംശയം തോന്നിയില്ലെന്നുമാണ് മഠാധികൃതർ പറഞ്ഞത്.

സംസാരത്തിനിടെ ജോസ്മരിയ മരണപ്പെട്ട 2005 ഏപ്രിൽ 17ന് ശേഷം മഠത്തിൽ നിന്നും 70000 രൂപ മോഷണം പോയ വിവരം അറിഞ്ഞെന്ന് മഠാധികൃതർ വെളിപ്പെടുത്തി. ഇതേക്കുറിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും മഠത്തിനു സമീപത്തെ ഏതാനും പേരെ ചോദ്യം ചെയ്തു പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുയായിരുന്നു വെന്നും മഠാധികൃതർ വെളിപ്പെടുത്തി.

സമാന രീതിയിലായിരുന്നു സിസ്റ്റർ അമല കൊല്ലപ്പെട്ടതെന്ന് മനസിലായ സാഹചര്യത്തെത്തുടർന്ന് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ സിസ്റ്റർ അമല കേസിനൊപ്പം സിസ്റ്റർ ജോസ് മരിയയുടെ മരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൺവീനർ എബി ജെ ജോസ് മുഖ്യമന്ത്രി, ഡി ജി പി എന്നിവർക്കു പരാതി നൽകി. ഇതേത്തു sർന്ന് കേസ് അന്വേഷണം ഊർജ്ജിതമാക്കി. തുടർന്നു അമല കേസിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റസമ്മതം നടത്തുകയായിരുന്നു.

പിന്നീട് സിസ്റ്റർ ജോസ്മരിയയുടെ മൃതദേഹം സിമിത്തേരിയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ തലയോട് തകർന്ന നിലയിൽ കണ്ടെത്തുകയും മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

സിസ്റ്റർ ജോസ് മരിയ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നിയമത്തിനു മുന്നിൽ സതീഷ് ബാബുവാണ് പ്രതിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചാൽ മാത്രമേ പ്രതിക്ക് ഈ കേസിൽ ശിക്ഷ ലഭിക്കൂ എന്ന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി. സിസ്റ്റർ ജോസ്മരിയയുടെ മരണത്തിനു ശേഷം മഠത്തിൽ അറ്റകുറ്റപണികളുടെ ഭാഗമായി പെയിൻ്റടിച്ചതായി സമീപവാസികൾ പറയുകയും ചെയ്തിരുന്നു. ഇതോടെ തെളിവുകൾ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

മോഷണ പരാതി ലഭിച്ചപ്പോൾ വിരളടയാളം, കാൽപ്പാട് ഒക്കെ പോലീസ് ശേഖരിച്ചിരുന്നതായി പറയപ്പെടുന്നു. തിടനാട് എസ് ഐ ആയിരുന്ന പി സി സാബുവിൻ്റെ നേതൃത്വത്തിലായിരുന്നു മോഷണം സംബന്ധിച്ച അന്വേഷണം നടത്തിയത്.

സിസ്റ്റർ ജോസ് മരിയയുടെ മരണം കാര്യക്ഷമമായി അന്വേഷിച്ചിരുന്നുവെങ്കിൽ സിസ്റ്റർ അമല കൊല്ലപ്പെടുകയില്ലായിരുന്നുവെന്ന് എബി ജെ ജോസും ആക്ഷൻ കൗൺസിൽ ഭാരവാഹി സാംജി പഴേപറമ്പിലും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *