Kottayam

ജനാധിപത്യത്തിലെ സമരായുധമാണ് നോട്ട; നോട്ടയ്ക്കായി പ്രചാരണം

കോട്ടയം: ജനാധിപത്യത്തിലെ സമരായുധമാണ് നോട്ടയെന്നും തിരഞ്ഞെടുപ്പുകാലത്ത് നോട്ടയിലൂടെ ജനങ്ങൾക്കു പ്രതിഷേധിക്കാൻ അവസരമുണ്ടെന്നും അത് പൗരൻ്റെ അവകാശമാണെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടയെ വോട്ടിംഗ് മെഷ്യനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ നിയമാനുസൃതമാണ് നോട്ട. സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന പോലെ നോട്ടയെയും പിന്തുണയ്ക്കാം.

സ്ഥാനാർത്ഥികൾക്കു നൽകുന്ന പരിഗണന നോട്ടയ്ക്ക് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. നോട്ട എന്തിനാണെന്ന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം. എങ്കിൽ പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. തോറ്റ്‌ പോകുന്ന ജനതക്ക് മുമ്പിലുള്ള ഒരു സാധ്യത കൂടിയാണ്‌ നോട്ട.

ഇവിടെ രാഷ്ട്രീയ കക്ഷികൾ അധികാരത്തിനായുള്ള നെട്ടോട്ടത്തിലാണ്. ഓരോ തിരഞ്ഞെടുപ്പുകളിലും നാടിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാനാവാത്തതിൽ പരസ്പരം പഴിചാരുന്നു. തങ്ങൾ മാത്രമാണ് ശരിയെന്നും മറ്റുള്ളവർ ശരിയല്ല എന്ന നിലപാടിലാണ് രാഷ്ട്രീയകക്ഷികളും മുന്നണികളും.

വോട്ട് രേഖപ്പെടുത്താനുള്ള ഉപകരണങ്ങളായി മാത്രം വോട്ടർമാരെ കാണുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വോട്ടർക്കു യാതൊരു പ്രസക്തിയും ഇല്ലാതാകുന്നു. ഡിസ്പോസിബിൾ പ്ലേറ്റ് പോലെയും ഡിസ്പോസിബിൾ ഗ്ലാസു പോലെയും ആണ് വോട്ടർമാരെ രാഷ്ട്രീയ കക്ഷികളും മുന്നണികളും കാണുന്നത്.

ഓരോ തിരഞ്ഞെടുപ്പുകളിലും വോട്ടു ചെയ്യാൻ വേണ്ടി മാത്രം വോട്ടർമാർ റീസൈക്കിൾ ചെയ്യപ്പെടുകയാണ്. കാലങ്ങളായി ഇതു തന്നെയാണ് അവസ്ഥ. ഒരു കക്ഷിയെ തോൽപ്പിക്കാൻ മറ്റൊരാളെ വിജയിപ്പിക്കുകയാണ് ചെയ്തു വരുന്നത്.

കേരളത്തിൻ്റെ ആശങ്കയായ മുല്ലപ്പെരിയാർ വിഷയത്തിന് ശ്വാശത പരിഹാരം കാണാൻ ഒരു മുന്നണിയും ആത്മാർത്ഥമായി ശ്രമിച്ചിട്ടില്ല. 50 വർഷം ആയുസ് പറഞ്ഞ ഡാം 128 വയസ് പിന്നിട്ടിട്ടും സുരക്ഷിതമാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. ലോകത്തെ ഏറ്റവും അപകടകാരിയായ ആറു ഡാമുകളിലൊന്നായി മുല്ലപെരിയാർ ഡാമിനെ വിലയിരുത്തിയിട്ടുണ്ട്.

ആറു ജില്ലകളും അതിലെ ലക്ഷക്കണക്കിനാളുകളും വർഷങ്ങളായി ആശങ്കയിലാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കഴിയാത്തത് കുറ്റകരമായ അനാസ്ഥയാണ്.

അതുപോലെ തന്നെ വീടു നിർമ്മിക്കുന്നതിനുള്ള പെർമിറ്റ് ഫീസ് അന്യായമായി വർദ്ധിപ്പിച്ചു ജനത്തെ ദ്രോഹിക്കുകയാണ്. ചാർജു വർദ്ധനവുകൾ അനിവാര്യമാണ്. അതിൻ്റെ പേരിൽ അന്യായമായ ചാർജ് വർദ്ധനവ് നീതീകരിക്കാനാവില്ല. നിലവിലുള്ള ഫീസിൻ്റെ പതിന്മടങ്ങാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി എന്ന പേരിലും വർഷങ്ങളായി ജനത്തെ ദ്രോഹിക്കുന്നു. കെട്ടിട നിർമ്മാണമേഖലയിൽ ഏറ്റവും കൂടുതൽ കൂലി കൊടുക്കുന്ന സംസ്ഥാനമാണ് കേരളം.

ക്ഷേമനിധിയിൽ അംഗമല്ലാത്ത തൊഴിലാളികൾ വീടുപണിതാലും ക്ഷേമനിധി എന്ന പേരിൽ വൻ തുകകൾ അടയ്ക്കേണ്ട ഗതികേടിലാണ് ജനം. ഈ തുക അടയ്ക്കാത്തതിൻ്റെ പേരിൽ ജപ്തി ഭീഷണി വരെ മുഴക്കാറുണ്ട്. തൊഴിലാളിയുടെ വിഹിതം പോലും ക്ഷേമനിധിക്കായി വാങ്ങുന്നില്ല. ഇത് അനീതിയും ജനദ്രോഹവുമാണ്.

എന്നാൽ വീടു പണിയിൽ അപാകത വന്നാൽ അതിനുള്ള നഷ്ടം ഈടാക്കാൻ വകുപ്പില്ല. അത് ഉടമ സഹിക്കേണ്ടി വയാണ്. കോടിക്കണക്കിനു രൂപയാണ് ക്ഷേമനിധിയുടെ പേരിൽ പിരിച്ചുകൊണ്ടിരിക്കുന്നത്.

അടുത്തകാലത്ത് നടപ്പാക്കിയ ആശുപത്രി സംരക്ഷണനിയമം ഉപയോഗിച്ച് സാധാരണക്കാരെ ദ്രോഹിക്കുകയാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിൽ ഒരു നിയമം നിലവിലില്ല. ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഈ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ നിരവധി പേർ ജയിൽ അനുഭവിച്ച് കേസിനെ നേരിടുന്നുണ്ട്. എന്നാൽ ആശുപത്രിയുടെയും ഡോക്ടർമാരുടെയും പിഴവുകൾമൂലം രോഗികൾ മരണാസന്നരായാൽ പിഴശിക്ഷയിൽ ഒതുക്കുന്ന നിയമം മാത്രമാണ് പ്രയോഗിക്കുന്നത്.

ഏകാധിപത്യ പ്രവണതയിലുള്ള ഈ ഓർഡിനൻസിനെ എല്ലാ രാഷ്ട്രീയകക്ഷികളും പിന്തുണച്ച് ജനത്തെ പീഢിപ്പിക്കുകയാണ്. മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തെപോലും ഈ നിയമം ഹനിക്കുന്നു.

കേരളത്തിൽ സഹകരണ ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്ന സൊസൈറ്റികളിൽ പണം നിക്ഷേപിച്ച ആയിരങ്ങൾ ദുരിതത്തിലാണ്. കാലാവധി പൂർത്തിയാക്കിയിട്ടും നിക്ഷേപം തിരികെ കൊടുക്കാതെ ദ്രോഹിക്കുകയാണ്.

പലയിടത്തും പലർക്കും കോടിക്കണക്കിനു രൂപയാണ് യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ നടത്തിപ്പുകാർ വായ്പ കൊടുത്തിട്ടുള്ളത്. ലക്ഷങ്ങൾ നിക്ഷേപം നടത്തിയവർക്കു രണ്ടായിരവും അയ്യായിരവും വീതം മാസം തോറും റേഷൻ കണക്കെയാണ് പണം തിരികെ കൊടുക്കുന്നത്.

ജനത്തിന് ആശ്വാസം പകരാതെ ക്രമക്കേട് നടത്തിയവർക്കു കൂട്ടുനിൽക്കുകയാണ് ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും.

ജനദ്രോഹപരമായ ഹർത്താൽ, പണിമുടക്ക് ഒക്കെ നടത്തി ജനത്തിനെ കഷ്ടപ്പെടുത്തുന്നു. ഒരു രാഷ്ട്രീയ കക്ഷിയും ഇതിനെതിരെ പ്രതികരിക്കുന്നില്ല.

ഇത്തരം നിരവധി പ്രശ്നങ്ങൾ മുന്നിലുണ്ട്. ഇവയൊന്നും പരിഹരിക്കപ്പെടുന്നില്ല. ജനം സംഘടിതരല്ലാത്തതിനാൽ ആരും ശ്രദ്ധിക്കുന്നുമില്ല.

ഇത്തരം വിഷയങ്ങളിൽ തങ്ങളുടെ പ്രതിഷേധം നോട്ടയിൽ രേഖപ്പെടുത്താൻ ജനത്തിന് അവകാശമുണ്ട്. ആ അവകാശം ജനങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുമ്പോൾ ജനകീയ പ്രശ്നങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാകും എന്നതിൽ സംശയമില്ല. നോട്ട അരാഷ്ട്രീയമല്ല.

പ്രതിഷേധത്തിൻ്റെ അടയാളമാണ്. അരാഷ്ട്രീയമെന്ന് പറയുന്നവരുടെ പ്രവർത്തനങ്ങളാണ് നോട്ടയിൽ വോട്ടു രേഖപ്പെടുത്താൻ ജനത്തെ പ്രേരിപ്പിക്കുന്നത്. ജനങ്ങളുടെ ന്യായമായ പ്രശ്നങ്ങൾക്കു പോലും പരിഹാരമില്ലാതാകുമ്പോഴാണ് ചെയ്ത വോട്ടുകൾ പാഴായി പോയതായി ജനത്തിന് തോന്നുന്നത്.

അങ്ങനെ പാഴാകാതിരിക്കാനാണ് പ്രതിഷേധ സൂചകമായി നോട്ടയിൽ വോട്ട് രേഖപ്പെടുത്തേണ്ടി വരുന്നത്. തങ്ങളുടെ ചെയ്തികൾമൂലം നഷ്ടപ്പെടുന്ന വോട്ടുകളെ അരാഷ്ട്രീയമെന്നു വിളിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.

തിരഞ്ഞെടുപ്പിൽ സുതാര്യത അനിവാര്യമാണ്. അതിന് ബാലറ്റ് പേപ്പറാണ് ഉത്തമം. ഒട്ടേറെ രാജ്യങ്ങളിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കപ്പെടുന്നുണ്ട്.

അപരന്മാരെ ഒഴിവാക്കാൻ ഫൗണ്ടേഷൻ നൽകിയ നിർദ്ദേശമാണ് ബാലറ്റിൽ സ്ഥാനാർത്ഥിയുടെ ചിത്രം ചേർക്കണമെന്നത്. ഒന്നിൽ കൂടുതൽ നാമനിർദ്ദേശപത്രിക സ്വീകരിക്കാതിരിക്കുക, മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കു മെഡിക്കൽ ഇൻഷുറൻസ് നിർബ്ബന്ധമാക്കുക, നിലവില്‍ എം എല്‍ എ മാരായിരിക്കുന്നവര്‍ പാര്‍ലെമെന്റിലേയ്ക്ക് മത്സരിക്കുന്നത് തടയുക, എം എല്‍ എ മത്സരിക്കാൻ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തില്‍ പരാജയപ്പെട്ട തൊട്ടടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥിയെ വിജയിയാക്കി പ്രഖ്യാപിച്ച് ഉപതെരഞ്ഞൈടുപ്പു മൂലമുണ്ടാകുന്ന പൊതു നഷ്ടം ഒഴിവാക്കുക, പ്രചാരണത്തിന്റെ അവസാനകാലഘട്ടത്തിനു മുമ്പ് മണ്ഡലത്തിലെ എല്ലായിടത്തും പ്രചാരണം എത്തിക്കാത്ത സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കുക, ഒരു സ്ഥാനാര്‍ത്ഥിക്ക് അനുവദിക്കുന്ന തെരഞ്ഞെടുപ്പ് ആനുകൂല്യങ്ങളായ വാഹനപാസ്, പോളിംഗ് ഏജന്റ്, കൗണ്ടിംഗ് ഏജന്റ് മുതലായവ കൈമാറ്റം ചെയ്യുന്നതിനെതിരെ നടപടിയെടുക്കുക, ഒരാള്‍ ഒന്നിലധികം മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് തടയുക, ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത് നിർബ്ബന്ധമാക്കുക തുടങ്ങിയ മറ്റു നിര്‍ദ്ദേശങ്ങളും ഫൗണ്ടേഷൻ തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ചിട്ടുണ്ട്.

ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ബിന്ദു എൽസ തോമസ്, വിനയകുമാർ പാലാ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *