ഈരാറ്റുപേട്ട : യുവാവിനെ ഓട്ടം വിളിച്ചുകൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ ലൂക്കാ എന്ന് വിളിക്കുന്ന ഷെഫീക്ക് (36), അരുവിത്തുറ മറ്റക്കാട് അരയതിനാൽ കോളനി ഭാഗത്ത് കണിയാംപള്ളിൽ പീറ്റർ എന്ന് വിളിക്കുന്ന ഫസിൽ കെ.വൈ (23), തെക്കേക്കര കടുക്കാപറമ്പിൽ അഷറഫ് (35) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11.00 മണിയോടുകൂടി ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം ഓട്ടോ ഓടിക്കുന്ന മറ്റക്കാട് സ്വദേശിയായ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും പണവും, മൊബൈൽ ഫോണും അപഹരിച്ചുകൊണ്ട് കടന്നു കളയുകയുമായിരുന്നു.
ഈ മാസം 6- ആം തീയതി രാത്രി 11 മണിയോടുകൂടി ഈരാറ്റുപേട്ട കെഎസ്ആർടിസിക്ക് സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും യുവാവിനെ ഷെഫീക്കും, ഫസിലും ചേർന്ന് ഓട്ടം വിളിച്ചുകൊണ്ടു പോവുകയും, തുടർന്ന് കുളം കവല ഭാഗത്ത് വെച്ച് അഷറഫും,സുഹൃത്തും കയറുകയും തുടർന്ന് ഇവർ വണ്ടിയിലിരുന്ന് യുവാവിനെ ചീത്ത വിളിക്കുകയും മഠം കവല ഭാഗത്ത് വെച്ച് യുവാവിനെ ഓട്ടോറിക്ഷയിൽ നിന്നും വലിച്ചിറക്കി ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന അരിവാൾ കൊണ്ട് കയ്യിലും ഇരു കാലുകളിലും വെട്ടുകയും, കല്ല് ഉപയോഗിച്ച് ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.