General

കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം: പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവ്

കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹം നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. എന്നാൽ പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് ഇപ്പോൾ നൽകിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നതായാണ് വിവരം. പൊലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

കുട്ടിയെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുമോ എന്നും സംശയമുണ്ട്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കേസാണ് ഭർത്താവിനെതിരെ മധ്യപ്രദേശിൽ ചുമത്തിയിട്ടുള്ളത്. അതിനാൽ കുട്ടിയെ കസ്റ്റഡിയിലെടുക്കാൻ മധ്യപ്രദേശ് പൊലീസിന് കഴിയും.

വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി.​ വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍.

2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *