Poonjar

ഇഎസ്എയിൽ നിന്ന് നാല് വില്ലേജുകളെയും പൂർണമായി ഒഴിവാക്കണം; കർഷകസംഘം വാഹന പ്രചാരണ ജാഥ നടത്തി

പൂഞ്ഞാർ: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച വിജ്ഞാപനത്തിൽനിന്ന് കോട്ടയം ജില്ലയിലെ നാല് വില്ലേജുകളെയും പൂർണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 27ന് നടത്തുന്ന കർഷകമാർച്ചിന്റെയും ധർണയുടെയും പ്രചാരണാർഥം വാഹന പ്രചാരണ ജാഥ നടത്തി.

മേലുകാവുമറ്റത്ത് നടന്ന ജാഥയുടെ ഉദ്ഘാടനം കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ നിർവ്വഹിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജോയി ജോർജ് അധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം രമാ മോഹൻ, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു, അനൂപ് കെ. കുമാർ, കെ.ആർ. അനുരാഗ് എന്നിവർ സംസാരിച്ചു.

കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. ഷാനവാസ് ക്യാപ്റ്റനും പൂഞ്ഞാർ ഏരിയ സെക്രട്ടറി സി.കെ. ഹരിഹരൻ വൈസ് ക്യാപ്റ്റനും കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി സജിൻ വട്ടപ്പള്ളി മാനേജരുമായ ജാഥ തീക്കോയി, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ പഞ്ചായത്തുകളിൽ പര്യടനം നടത്തി ഇളംകാട്ടിൽ സമാപിച്ചു.

ഒക്ടോബർ 27ന് രാവിലെ 10ന് മേലുകാവ് പഞ്ചായത്ത് ഓഫീസിന് മുന്നിലും കൂട്ടിക്കൽ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി വില്ലേജ് ഓഫീസുകൾക്ക് മുന്നിലുമാണ് കർഷകമാർച്ചും ധർണയും നടത്തുന്നത്. ഷിബു ജേക്കബ്, ഷാജഹാൻ, സി.കെ. ഹരിഹരൻ, സജിൻ വട്ടപ്പള്ളി, ബാബുക്കുട്ടൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *