General

ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുന്നതിൽ പ്രാദേശിക കളി സ്ഥലങ്ങൾക്ക് വലിയ പങ്ക്: ജോസ് കെ മാണി

മീനച്ചിൽ : ജീവിതശൈലി രോഗങ്ങൾ കുറച്ചു കൊണ്ടുവരുന്നതിന് പ്രാദേശിക കളിസ്ഥലങ്ങൾക്ക് വലിയ പങ്കാണ് ഉള്ളതെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഇരുപതു ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ വിളക്കും മരുതിൽ നിർമ്മാണം പൂർത്തീകരിച്ച കെ.എം. മാണി മെമ്മോറിയൽ ഇൻഡോർ ഷട്ടിൽ ബാഡ്മിൻ്റൺ കോർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മീനച്ചിൽ പഞ്ചായത്ത് വക സ്ഥലത്താണ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്. 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോർട്ടിന് ആവശ്യമായ തുക അനുവദിച്ചിരിക്കുന്നത്. സായാഹ്ന വിനോദത്തിനും മാനസിക ഉല്ലാസത്തിനും ഊന്നൽ നൽകി കായിക വ്യായാമത്തിന് അവസരം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഇൻഡോർ ഷട്ടിൽ കോർട്ട് നിർമ്മിച്ചിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡൻ്റ് സാജോ പൂവത്താനി ഉദ്ഘാടനസമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു. ജോസ് കെ മാണി എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത് മെമ്പർ രാജേഷ് ‌വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിബു പൂവേലിൽ , ജോസ് ചെമ്പക ശ്ശേരിൽ പഞ്ചായത്ത് മെമ്പർമാരായ പുന്നൂസ് പോൾ, ബിജു റ്റി .ബി , ഷേർളി ബേബി, വിഷ്ണു പി.വി, ബിജു കുമ്പളന്താനം, ജയശ്രീ സന്തോഷ്, ലിസ്സമ്മ ഷാജൻ , ബിന്ദു ശശികുമാർ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിനോയി നരി തൂക്കിൽ, പെണ്ണമ്മതോമസ് , കെ.പി. ജോസഫ്, ജോസ് പാറേക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി കോട്ടയം ജില്ലയിൽ ആദ്യമായാണ് ഇൻഡോർ ഷട്ടിൽ കോർട്ട് നിർമ്മാണം പൂർത്തീകരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *