Pala

പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കാക്കണ്ടത്തെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി

പാലാ: പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കാക്കണ്ടത്തെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും ഇടതുപക്ഷ വിരുദ്ധ സമീപനത്തിനുമെതിരെയാണ് ബിനുവിനെതിരായ നടപടിയെന്ന് സി.പി.എം. പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എം. ജോസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിന് കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കി.

നേരത്തേ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ ബിനു പുളിക്കക്കണ്ടം പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുത്തത്.

ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പാര്‍ട്ടി അണികള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് ബിനു നേരത്തേ പറഞ്ഞത്. ജോസ് ജനങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്നും ജനങ്ങളെ നേരിടാന്‍ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നും പറഞ്ഞ ബിനു, പിന്‍വാതിലിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *