Education

സ്‌കൂൾ പ്രവേശനോത്സവം: ജില്ലാതല ഉദ്ഘാടനം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും

കോട്ടയം :സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ ഒന്നിന് കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാൻസീസ് ജോർജ് എം.പി. മുഖ്യ പ്രഭാഷണം നടത്തും.

എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, മാണി സി. കാപ്പൻ, കെ. ബിനിമോൻ, നാട്ടകം സുരേഷ്, വിനു ജോബ് കുഴിമണ്ണിൽ, റോണി കെ.ബേബി, എം.ജെ. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.വൈശാഖ്, മുനിസിപ്പൽ കൗൺസിലർമാരായ ബിൻസി സെബാസ്റ്റ്യൻ, എസ്. ഗോപകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ എന്നിവർ പങ്കെടുക്കും.

​​ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് 8010 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയത് ഈരാറ്റുപേട്ട ഗവൺമെന്റ് എം.എൽ.പി സ്‌കൂളിലാണ്(145 കുട്ടികൾ). ആറാം പ്രവൃത്തി ദിനം വരെ പ്രവേശനം നേടാനാകുമെന്നതിനാൽ പ്രവേശന നിരക്ക് കൂടുമെന്നാണ് വിദ്യാഭ്യാസ വകുപ്പധികൃതരുടെ പ്രതീക്ഷ.

​പഠന നിലവാരം ഉയർത്താൻ വിവിധ പദ്ധതികൾ ജില്ലയിൽ പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വിവിധ അക്കാദമിക പദ്ധതികളും വിദ്യാഭ്യാസ വകുപ്പ് ഈ വർഷം നടപ്പിലാക്കും.

പ്രതിഭാധനരായ കുട്ടികൾക്കായി ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം, ട്രൈബൽ വിദ്യാർഥികൾ ( ഇരുപതി ൽ കൂടുതൽ കുട്ടികൾ) ഉള്ള വിദ്യാലയങ്ങൾക്കായി പ്രത്യേക എൻറിച്ച്‌മെന്റ് പ്രോഗ്രാം, പ്രൈമറി വിദ്യാലയങ്ങളിലെ പ്രതിഭാധനരായ കുട്ടികൾക്കായി ലിറ്റിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം, പഠനനിലവാരത്തിൽ പിറകിൽ നിൽക്കുന്ന കുട്ടികളെ ഉയർത്തികൊണ്ടുവരാനായി ശ്രദ്ധ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി, അതിഥി തൊഴിലാളികളുടെ മക്കൾക്കായി ‘നമുക്കൊന്നിച്ചു പഠിക്കാം’ പ്രത്യേക വിദ്യാഭ്യാസ പദ്ധതി, സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്‌മെന്റ് പ്രോഗ്രാം, കൗമാര പ്രശ്നങ്ങളെ നേരിടാനായി കൗമാര വിദ്യാഭ്യാസ പദ്ധതി, ടീൻസ് ക്ലബ്, വിവിധ അധ്യാപക പരിശീലന പരിപാടികൾ, ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങൾ, മോഡൽ ഇൻക്ലൂസീവ് സ്‌കൂളുകൾ, സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം, ഇൻസ്പെയർ എന്നിങ്ങനെ വിവിധ പദ്ധതികളും ഈ വർഷം നടപ്പാക്കുന്നുണ്ട്.

കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയും വിവിധ പദ്ധതികൾ ഈ വർഷം നടപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *