രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനിടെ വേറിട്ട അനുഭവമായി കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫിന്റെ ഗാനാലാപനം. സെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം പരിപാടിക്കിടെ പ്രശസ്ത ഹിന്ദി ഗാനം ‘പെഹലാ നഷാ, പെഹലാ ഖുമാർ’ ആലപിച്ച് അമീർഖാൻ ആരാധകരെ ആവേശം കൊള്ളിച്ചു.
സെമിനാറിലെ ഔദ്യോഗിക പരിപാടികൾക്കിടയിലെ ചീഫ് വിപ്പിന്റെ ഗാനാലാപനം വിദ്യാർഥികൾക്ക് വേറിട്ടതും ഹൃദ്യവുമായ അനുഭവമായി മാറി. പിതാവ് പി. ജെ. ജോസഫിന്റെ സംഗീതാഭിരുചിയുടെ പാത പിന്തുടർന്ന് അപു ജോൺ ജോസഫും ഗാനാലാപനത്തിൽ തന്റെ കഴിവ് വേദിയിൽ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ആലാപനത്തിന് സദസ്സിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.





