ഈരാറ്റുപേട്ട: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ മാസത്തിൽ അൽമനാർ ജുമുഅ മസ്ജിദ് ഒരുക്കിയ സൗഹൃദ ജുമുഅയിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സഹോദരസമുദായ അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായി.
സമൂഹത്തിലെ നാനാ ജാതി മതസ്ഥർ പുറത്തേക്കുള്ള സൗണ്ട് സിസ്റ്റത്തിൽ നിന്ന് മാത്രം കേട്ട് പരിചയിട്ടുള്ള ജുമുഅ നമസ്ക്കാരവും ഖുത്തുബയും പള്ളികുള്ളിൽ പ്രത്യകം സജ്ജമാക്കിയ ഇരിപ്പിടത്തിൽ ഇരുന്ന് വീക്ഷിക്കാൻ കഴിഞ്ഞത് പങ്കെടുത്തവരിൽ നവ്യാനുഭവം പകർന്ന് നൽകി.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. ഉൾപ്പടെയുള്ള നിരവധി ജനപ്രതിനിധികളും പൗരപ്രമുകരുമാണ് സൗഹൃദ ജുമുഅയുടെ മുൻനിരയിൽ അണിനിരന്നത്. 12.45 ആരംഭിച്ച ഖുത്തുബക്കും നമസ്കാരത്തിനും അസ്‌ലം മൗലവി നേതൃത്വം നൽകി.
മത ജാതി ചിന്തകളാൽ മനസുകൾ അകലുന്ന പുതിയ കാലത്ത് മനുഷ്യരെല്ലാവരും ഒന്നാണെന്നും അവരെ പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണ് വിവിധ വർഗ്ഗങ്ങളും ഗോത്രങ്ങളും ആക്കി തിരിച്ചതെന്നും അദ്ദേഹം ഖുതുബയിൽ ഉദ്ബോധിപ്പിച്ചു. നൻമയിൽ പരസ്പരം ചേർന്നുനിൽക്കുകയെന്ന സന്ദേശമാണ് മതങ്ങൾ ഉദ്ബോധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് നടന്ന സൗഹൃദ സദസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം ഇന്നലകളിലുണ്ടായിരുന്ന സ്നേഹവും കുരുതലും തിരിച്ചുകൊണ്ടുവരാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
സ്വന്തം വിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെ ഇതരമതവിശ്വാസിയായ മനുഷ്യനെയും സ്നേഹിക്കാൻ കഴിയുമ്പോൾ മാത്രമേ ഈ നാടിൻ്റെ സമാധാനം നിലനിർത്തിക്കൊണ്ടു പോകാൻ കഴിയുകയുള്ളൂ. അതിന് പ്രവാചക ജീവിതം മാതൃക ആകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്,പ്രൊഫ: ലോപ്പസ് മാത്യു, അഡ്വ : ജോമോൻ ഐക്കര, മാത്യു മണ്ണാറാകം, രോഹിണിഭായ് ഉണ്ണികൃഷ്ണൻ, ഡിംബിൾ റോസ്, വിനോദ് വി.നായർ, അഡ്വ. വി. ജെ ജോസ് , ജോഷി മൂഴിയാങ്കൽ, റ്റി.റ്റി മാത്യു, മനോജ് ജോസ്, സാനു പൂഞ്ഞാർ, ജസ്‌ലി ജയിംസ് ,അവിനാഷ് മൂസ, അൽ അമീൻ തുടങ്ങി സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ മേഖലയിലെ പ്രമുഖർ സൗഹൃദ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു.