Mundakayam

പുഞ്ചവയൽ – പാക്കാനം – മഞ്ഞളരുവി റോഡിന് 50 ലക്ഷം രൂപ അനുവദിച്ചു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : പുഞ്ചവയലിൽ നിന്ന് ആരംഭിച്ച് പാക്കാനം വഴി എരുമേലി ഗ്രാമപഞ്ചായത്തിലെ മഞ്ഞളരുവിയിൽ എത്തുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള പി.ഡബ്ല്യു.ഡി റോഡിൽ വനമേഖലയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്ററോളം ഭാഗം നിലവിൽ ടാറിങ്ങോ, കോൺക്രീറ്റിങ്ങോ ഇല്ലാതെ ഗതാഗത യോഗ്യമല്ലാതിരുന്നതുമൂലം നാളിതുവരെ ഈ റോഡ് പൂർണ്ണതോതിൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ ഭാ​ഗം കൂടി കോൺക്രീറ്റിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് 50 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ 11,15 എന്നീ വാർഡിലൂടെയും, എരുമേലി ഗ്രാമ പഞ്ചായത്തിന്റെ 8,9 എന്നീ വാർഡുകളിലൂടെയും കടന്നുപോകുന്ന ഈ റോഡ് വനം വകുപ്പിന്റെ അനുമതി കിട്ടാതിരുന്നത് മൂലമാണ് ഏതാണ്ട് 20 വർഷത്തിലധികമായി ടാറിങ്ങോ, കോൺക്രീറ്റിങ്ങോ നടത്താൻ കഴിയാതെ ഗതാഗതയോഗ്യമല്ലാതെ കിടന്നിരുന്നത്.

ഇക്കാര്യത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി ചർച്ച നടത്തി വനം വകുപ്പ് ഉന്നയിച്ചിരുന്ന തടസ വാദങ്ങൾ പരിഹരിച്ച് റോഡ് കോൺക്രീറ്റിംഗിന് വനം വകുപ്പിൽ നിന്നും അനുമതി നേടിയെടുക്കുകയായിരുന്നു.

ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ നൽകി എഗ്രിമെന്റ് വെച്ചിട്ടുള്ള റോഡ് കോൺക്രീറ്റിംഗ് പ്രവർത്തികൾ സമീപ ദിനം തന്നെ ആരംഭിച്ച് വേഗത്തിൽ പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

പുഞ്ചവയൽ മുതൽ മഞ്ഞളരുവി വരെ ഈ റോഡ് ഗതാഗതയോഗ്യമാകുന്നതോടുകൂടി മുണ്ടക്കയം, കോരുത്തോട്, എരുമേലി ഗ്രാമപഞ്ചായത്തുകളിൽ പെട്ട മുരിക്കുംവയൽ, പുഞ്ചവയൽ, 504, കുഴിമാവ്, കോസടി, കോരുത്തോട്, പാക്കാനം, കാരിശ്ശേരി, ഇഞ്ചക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽ പെട്ട നൂറുകണക്കിന് ആളുകൾക്ക് എരുമേലിയിലേക്കും, തുടർന്ന് റാന്നി മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ തെക്കൻ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് എളുപ്പമാർഗമായി ഈ റോഡ് മാറും.

വർഷങ്ങളായി ഈ റോഡ് ഗതാഗത യോഗ്യമല്ലാതെ മൺറോഡ് ആയി കിടന്നിരുന്നതു മൂലം പ്രദേശവാസികൾ എരുമേലി ഉൾപ്പെടെ തെക്കോട്ട് യാത്ര ചെയ്യുന്നതിന് മുണ്ടക്കയത്ത് കൂടി ചുറ്റി സഞ്ചരിച്ചാണ് യാത്ര ചെയ്തിരുന്നത്.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സംസ്ഥാനപാതയായ മുണ്ടക്കയം-കരിനിലം-പുഞ്ചവയൽ-504- കുഴിമാവ് റോഡിനെയും, നാഷണൽ ഹൈവേയുടെ കീഴിൽ 183A ആയി വികസനം നടന്നുവരുന്ന മുണ്ടക്കയം-എരുമേലി-ഭരണിക്കാവ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡ് എന്ന പ്രത്യേകതയും ഈ റോഡിനുണ്ട്.

പ്രസ്തുത റോഡുകളിൽ ഏതെങ്കിലും ഗതാഗത തടസ്സം ഉണ്ടായാൽ ബൈപ്പാസ് ആയും പാക്കാനം – മഞ്ഞളരുവി റോഡ് ഉപയോഗിക്കാൻ കഴിയും. തമിഴ്നാട്ടിൽ നിന്നും, ഇടുക്കി ജില്ലയിൽ നിന്നും എത്തുന്ന ശബരിമല തീർത്ഥാടകർക്കും ഈ റോഡ് ഏറെ പ്രയോജനപ്രദമാകും. കാനനപാത വഴി ശബരിമല ദർശനത്തിന് പോകുന്ന തീർത്ഥാടകർക്കും ഈ റോഡ് ഏറെ സഹായകരമാണ്.

ഇപ്രകാരം മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങൾക്കും വനമേഖലയ്ക്കും ഒക്കെ ഏറെ വികസനം കൈവരിക്കുന്നതിന് ഈ റോഡ് ഉപകാരപ്രദമാകും എന്നും എം എൽ എ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *