പൂഞ്ഞാർ: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിൽ കവിഞ്ഞ് കുട്ടികളെ കയറ്റി സർവീസ് നടത്തുന്ന സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് ആവശ്യപ്പെട്ടു.
സ്കൂൾ സമയങ്ങളിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പരിശോധന നടത്തണം. വാഹനങ്ങളുടെ ഫിറ്റ്നസ്, അനുവദനീയമായ സീറ്റിംഗ് കപ്പാസിറ്റി, യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ എണ്ണം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ പരിശോധിച്ച് നിയമലംഘനം കണ്ടെത്തുന്ന പക്ഷം കർശന നടപടി സ്വീകരിക്കണമെന്നും,കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട വിഷയത്തിൽ പരിശോധനകൾ പേരിന് മാത്രമായി മാറരുത്.
അപകടം സംഭവിച്ച ശേഷം നടപടിയെടുക്കുന്നതിന് പകരം അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്തി തടയുന്നതിനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. വിദ്യാർത്ഥികളുടെ ജീവന് അപകടസാധ്യത സൃഷ്ടിക്കുന്ന തരത്തിലുള്ള അമിത യാത്രക്കാരെ കയറ്റുന്ന പ്രവണത അടിയന്തരമായി നിയന്ത്രിക്കണമെന്നും ജോ ജിയോ ജോസഫ് പറഞ്ഞു.
യുവമോർച്ച പൂഞ്ഞാർ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവമോർച്ച പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് എബിൻ വർഗീസ് അധ്യക്ഷത വഹിച്ചു. മഹത് ബെന്നി,വിമൽ വഴിക്കടവ്, പ്രിൻസ് മൂവേലിൽ, ഷവിൻ കെ.വി., ജോമി മുഖാലക്കുന്നേൽ, സരുൺ സി.എസ് ,ടോണി കെ തോമസ്, ഗിരീഷ് കളതൂക്കര തുടങ്ങിയവർ പ്രസംഗിച്ചു.





