പ്രവിത്താനം: പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, ഡിജിറ്റൽ ഇടപെടലുകളെ കുറിച്ച് നടത്തുന്ന സർവ്വേയ്ക്ക് തുടക്കമായി. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സർവ്വേയുടെ ചോദ്യാവലി പൂരിപ്പിച്ച് പദ്ധതിക്ക് തുടക്കം കുറിച്ചു.
ഡിജിറ്റൽ ഉപയോഗത്തിന്റെ ആധുനിക കാലഘട്ടത്തിൽ വിദ്യാർഥികൾ നടത്തുന്ന ഈ സർവ്വേയ്ക്ക് ഏറെ പ്രസക്തി ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ശരിയും തെറ്റും തിരിച്ചറിയാൻ ഇത്തരം പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണങ്ങാനം, കരൂർ ഗ്രാമപഞ്ചായത്തുകളിൽ വസിക്കുന്ന ആയിരത്തോളം വ്യക്തികളിൽ നിന്നാണ് പ്രത്യേക ചോദ്യാവലി തയ്യാറാക്കി കുട്ടികൾ വിവരങ്ങൾ ശേഖരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദ്യമായാണ് ഇത്തരം ഒരു സർവ്വേ സംസ്ഥാനത്ത് നടക്കുന്നത്.
ശേഖരിക്കുന്ന വിവരങ്ങൾ ജോലി, പ്രായം, ജൻഡർ എന്നിവയുടെ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച്, പ്രത്യേകം വിശകലനം ചെയ്ത് ഒരു പഠന റിപ്പോർട്ട് തയ്യാറാക്കി അധികാരികൾക്ക് സമർപ്പിക്കാനാണ് വിദ്യാർത്ഥികൾ ഉദ്ദേശിക്കുന്നത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം വ്യക്തിയുടെ മാനസിക-ശാരീരിക മേഖലകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ,കുടുംബ- സാമൂഹിക ബന്ധങ്ങളിൽ ചെലുത്തുന്ന സ്വാധീനം,, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഭാവി മുതലായ മേഖലകളെ അടിസ്ഥാനമാക്കിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്ന ഈ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആനന്ദ് ചെറുവള്ളി, മീനച്ചിൽ താലൂക്ക് എ. ഡി. ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചൻ വാളിപ്പ്ളാക്കൽ ഹെഡ്മാസ്റ്റർ അജി വി. ജെ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന് നേതൃത്വം കൊടുക്കുന്ന അധ്യാപകരായ ജിനു ജെ. വല്ലനാട്ട്, വിദ്യ കെ എസ്, ക്ലബ് ലീഡേഴ്സ് എന്നിവർ പങ്കെടുത്തു.