പൂഞ്ഞാർ :എസ്എൻഡിപി യോഗം 108 നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ഭക്തി സാന്ദ്രമായി. പതിനായിരങ്ങൾ പങ്കെടുത്ത ഭക്തരുടെ പ്രതിഷ്ഠദിന മഹോത്സവം ശിവഗിരി മുൻ മഠാധിപതി പത്മശ്രീ ശ്രീമദ് വിശുദ്ധനന്ദ സ്വാമികളെ
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്ത് തന്ത്രികൾ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചതോടെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 12.46 നും 2.45 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ ചടങ്ങുകൾ വിശുദ്ധനന്ദ സ്വാമികളുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്ത് തന്ത്രികൾ പ്രതിഷ്ഠയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു.
ക്ഷേത്രസങ്കേതത്തിൽ പുതിയതായി നിർമ്മിക്കപ്പെടുന്ന ഗുരുദേവ ക്ഷേത്രത്തിലെ ഭഗവൽ പ്രതിഷ്ഠാ ചടങ്ങാണ് ആദ്യമായി നടന്നത്. കൃഷ്ണശിലയിൽ നിർമ്മിതമായ ഗുരുദേവ വിഗ്രഹം അത്യപൂർവ്വമായി മാത്രമാണ് കേരളത്തിൽ കാണാൻ കഴിയുക.
പൂർണ്ണമായും കൃഷ്ണശിലയിലും ഉത്തമവൃക്ഷങ്ങളുടെ ഉരുപ്പടികളിലുമായി നിർമ്മിക്കപ്പെട്ട് മുകൾഭാഗം ചെമ്പോല മേഞ്ഞിട്ടുള്ള ഗുരുദേവക്ഷേത്രം നിർമ്മിച്ച് സമർപ്പിക്കുന്നത് വേലംപറമ്പിൽ കുടുംബയോഗമാണ്. തുടർന്ന് ശ്രീ സുബ്രഹ്മണ്യ ഭഗവാന്റെയും ശ്രീ മഹാദേവന്റെയും തുല്യപ്രാധാന്യത്തോട് കൂടിയുള്ള രണ്ട് കോവിലുകളിലും ശ്രീഭദ്ര ദേവിയുടെയും ശ്രീഗണപതി ഭഗവാൻ്റെയും ഉപദേവതാ കോവിലുകളിലും പ്രതിഷ്ഠ നടന്നു.
സർവ്വശ്രേഷ്ഠമായ മറ്റൊന്ന് ഗുരുദേവൻ പ്രതിഷ്ഠിച്ച എകമുഖവേലിനെ സങ്കല്പ ആവാഹനം നടത്തി സുബ്രഹ്മണ്യ ഭഗവാൻ്റെ വിഗ്രഹത്തോടൊപ്പം സ്വർണ്ണവേൽ പ്രതിഷ്ഠിച്ചു.ക്ഷേത്ര സങ്കേതത്തിൽ ഈശാനകോണിലായി നാഗരാജാവിന്റെയും നാഗയക്ഷിയുടെയും പ്രതിഷ്ഠകളും നടന്നു. സർപ്പ സങ്കേതം സമർപ്പണമായി നിർമ്മിച്ച് നൽകുന്നത് കുളംമ്പള്ളിൽ കുടുംബമാണ്.
മെയ് ഒന്നിനാണ് പ്രത്യേകം തയ്യാറാക്കിയ യാഗശാലയിൽ ദേവഹിതാനുസരണം പ്രതിഷ്ഠാ മഹോത്സവം ആരംഭിച്ചത്. 13 ന് രാവിലെ നടതുറപ്പ് മഹോത്സവം. കൂടാതെ അന്നേദിവസം ഷഷ്ടി പൂജയും കാര്യ സിദ്ധി പൂജയും നടക്കും.
14 ന് ചൊവ്വാഴ്ച രാവിലെ 10 ന് ക്ഷേത്രസമർപ്പണ മഹാസമ്മേളനം നടക്കും. ശ്രീനാരായണ ഗുരുദേവൻ പേരിട്ട രണ്ട് മഹദ് വ്യക്തികൾ, സുശീലാമ്മയും, സ്വാത ന്ത്ര്യസമരസേനാനി എം. കെ. രവീന്ദ്രൻ വൈദ്യരും ചേർന്ന് നടത്തുന്ന ഭദ്രദീപ പ്രകാശന ത്തോടുകൂടിയാണ് സമ്മേളനം ആരംഭിക്കുന്നത്.
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രീതി നടേശൻ പങ്കെടുക്കും.
ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിൻ്റെ സ്വാഗത സംഘം ചെയർമാൻ എം, ആർ. ഉല്ലാസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന്
എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ചു അനന്തഭദ്രത്ത് അനുഗ്രഹ പ്രഭാഷണം നടത്തും.
എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി, പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ, ജനറൽ കൺവീനർ വി. എസ്. വിനു, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൽ, ജ്യോതിസ് മോഹൻ ഐ.ആർ.എസ്, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. അക്ഷയ്ഹരി, വേലംപറമ്പിൽ കുടുംബയോഗം ചെയർപേഴ്സൺ മിനർവ്വമോഹൻ, ഗ്രാമപഞ്ചായത്ത് മെമ്പർ സജി സിബി, മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ബിജിമോൻ കെ. ആർ., അരുൺ കുളംമ്പള്ളിൽ, വി. ഹരിദാസ് എന്നിവർ സംസാരിക്കും.