General

പിന്നോക്ക ഐക്യത്തിന് തുരങ്കം വെക്കുന്നവരെ ഒറ്റപ്പെടുത്തണം: പി അബ്ദുല്‍ മജീദ് ഫൈസി

ചങ്ങനാശ്ശേരി: പിന്നാക്ക ഐക്യത്തിന് തുരങ്കം വെക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് കോട്ടയം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഭൂരിപക്ഷം വരുന്ന പിന്നാക്ക, അധഃസ്ഥ വിഭാഗങ്ങളെ ഭിന്നിപ്പിക്കുക എന്ന ബിജെപി അജണ്ടയിൽ വീണ് പോകാതിരിക്കാൻ പിന്നാക്ക, ന്യൂന പക്ഷ സമുദായ നേതാക്കൾ ജാഗ്രത പുലർത്തണം. ബ്രിട്ടീഷുകാർ പയറ്റിയ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രമാണ് സ്വാതന്ത്ര്യത്തിന് ശേഷവും രാജ്യത്തെ ഭരണ കർത്താക്കളും ഫാഷിസ്റ്റുകളും തുടരുന്നത്. ശ്രീരാമനെ മുൻനിർത്തിയുള്ള പ്രസ്ഥാനങ്ങളും അക്രമങ്ങളും അതിൻ്റെ ഭാഗമായിരുന്നു. ബാബരി മസ്ജിദ് തകർക്കാൻ ബാബാ സാഹബ് അംബേദ്കറുടെ പരി നിർവ്വാണ ദിനം തിരഞ്ഞെടുത്തതിൽ പോലും ദുരുദ്ദേശമുണ്ട്.

പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങൾ രാജ്യത്ത് അന്യവൽക്കരണം നേരിട്ട് കൊണ്ടിരിക്കുന്നു. ദലിത് സ്വത്വത്തെ സംഘപരിവാർ തന്ത്രപൂർവ്വം തകർത്തു കൊണ്ടിരിക്കുന്നു.സിഎഎ, ഏക സിവിൽ കോഡ്, മത പരിവർത്തന നിരോധന നിയമം തുടങ്ങിയവ മുസ്ലിംകളേയും ക്രിസ്ത്യാനികളേയും അന്യവൽകരിക്കുന്നതിൻ്റെ ഭാഗമാണ്.

മൻ കീ ബാത്തിൽ വന്യ ജീവി സംരക്ഷണത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്ന മോദി മണിപ്പൂരിലെ ക്രിസ്ത്യൻ സഹോദരങ്ങളെ കുറിച്ചോ ഹൽദാനിൽ വെടിയേറ്റ് മരിച്ച മുസ്ലിം സഹോദരങ്ങളെ കുറിച്ചോ ഒരക്ഷരം ഉരിയാടിയില്ല.

സമീപകാലത്ത് ഛത്തീസ്ഗഢിൽ നിയമമാക്കിയ മതംമാറ്റ നിരോധന നിയമം ക്രിസ്ത്യൻ മിഷനറിമാരെ ലക്ഷ്യംവെച്ചുള്ളതാണ്. ഇഷ്ടമുള്ള മത വിശ്വാസം വെച്ച് പുലർത്താനുള്ള ഭരണഘടനാ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീകരമായ കയ്യേറ്റമാണ് ഇത്. എന്നിട്ടും അതിനെതിരെ ശക്തമായ പ്രതിഷേധം സാമ്പ്രദായിക രാഷ്ടീയ പാർട്ടികളുടെ ഭാഗത്ത് നിന്നുണ്ടയില്ല. ഇരകളും നിശബ്ദമാണ്. കേസും ജയിലും കേന്ദ്ര എജൻസികളെയും ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമം നടക്കുമ്പോൾ വർധിത വീര്യത്തോടെ ഉണർന്നെണീക്കേണ്ടത്തുണ്ട്. ഇവിടെയാണ് എസ്ഡിപിഐ ഉയർത്തുന്ന രാഷ്ടീയ സന്ദേശം പ്രസക്തമാകുന്നത്.

മോദിയുടെ വികസനം വെറും വായ്ത്താരി മാത്രമാണ്. വർഷങ്ങൾക്കു മുമ്പ് പ്രവർത്തനം ആരംഭിച്ച
എയിംസ് ഉദ്ഘാടനം ചെയ്ത് മോടി പരിഹാസ്യനായിരിക്കുന്നു. റെയിൽവേ പ്ലാറ്റ്ഫോമുകളുടെയും കാർ പാർക്കിങ്ങിൻ്റെയും ഉദ്ഘാടനം റെയിൽവെ മന്ത്രിയെ അപ്രസക്തനാക്കി മോദി നടത്തുന്നു.
ഗ്രാമങ്ങളിലെ ജീവിത ചെലവ് വർധിക്കുന്നു എന്നാണ് ഇപ്പോൾ സർക്കാർ പുറത്ത് വിട്ട ഗാർഹിക ഉപഭോഗ ചെലവ് സർവേ വ്യക്തമാക്കുന്നത്.

വികസിത ഭാരതം എന്ന മോദിയുടെ വാഗ്ദാനം യാഥാർഥ്യമാകുമോ എന്നറിയാൻ ഇനിയും 2047 വരെ കാത്തിരിക്കുവാനാണ് ഇപ്പോൾ മോദി പറയുന്നതെന്നും പി അബ്ദുൽ മജീദ് ഫൈസി കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡന്റ് സി ഐ മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി, വൈസ് ക്യാപ്ടൻ തുളസീധരൻ പളളിക്കൽ, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ജോര്‍ജ് മുണ്ടക്കയം, ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസ്സന്‍, ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സെമീർ സംസാരിച്ചു.

ജാഥാ വൈസ് ക്യാപ്ടൻ റോയ് അറയ്ക്കല്‍, സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുൽ ജബ്ബാർ, പി ആർ സിയാദ്, ജോൺസൺ കണ്ടച്ചിറ, സംസ്ഥാന ട്രഷറര്‍ അഡ്വ.എകെ സലാഹുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാ-മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു.

തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ഏറ്റുമാനൂരില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ ചങ്ങനാശ്ശേരിയിലേക്ക് വരവേറ്റത്. ജാഥാ ക്യാപ്റ്റന്മാരെ തുറന്ന വാഹനത്തില്‍ വാഹന ജാഥയായി കാരിത്താസ് ജങ്ഷന്‍, അടിച്ചിറ, സംക്രാന്തി, കുമാരനല്ലൂര്‍, കോട്ടയം ടൗണ്‍, ചിങ്ങവനം, കുറിച്ചി വഴി എസ്ബി കോളജിനു മുമ്പിലെത്തി അവിടെ നിന്ന് ബഹുജനറാലിയായാണ് സ്വീകരണ സമ്മേളന വേദിയായ പെരുന്ന ബസ് സ്റ്റാന്റിലേക്ക് ആനയിച്ചത്.

ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂരും വയനാടും കോഴിക്കോടും മലപ്പുറവും പാലക്കാടും തൃശൂരും എറണാകുളവും ഇടുക്കിയും പിന്നിട്ടാണ് ജില്ലയില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ച യാത്ര ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് മണ്ണഞ്ചേരിയില്‍ നിന്ന് വാഹനജാഥയായി ആരംഭിച്ച് വളഞ്ഞവഴിയില്‍ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *