Kuravilangad

സോഷ്യൽ വർക്കർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മുഖ്യമന്ത്രിക്ക് കത്ത് നൽകി

കുറവിലങ്ങാട്: കേരളത്തിലെ സാമൂഹ്യ പ്രവർത്തകരുടെ (Social Workers) അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന് കത്ത് നൽകി. കുറവിലങ്ങാട് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റും, പ്രൊഫഷണൽ സോഷ്യൽ വർക്കറുമായ അമൽ മത്തായി ആണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽലേക്ക് കത്ത് അയച്ചത്.

സർക്കാർ പദ്ധതികൾ, എൻജിഒകൾ, ആശുപത്രികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സോഷ്യൽ വർക്കർമാർ നേരിടുന്ന തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ, കുറഞ്ഞ വേതനം, അധിക ജോലിഭാരം, നിയമപരമായ സംരക്ഷണത്തിന്റെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി. പുതുതായി പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളെ കുറഞ്ഞ വേതനത്തിൽ നിയമിക്കുന്ന പ്രവണതയും വർധിച്ചുവരുന്നതായി പറഞ്ഞു.

സോഷ്യൽ വർക്കിനെ ഔദ്യോഗിക പ്രൊഫഷനായി അംഗീകരിക്കുക, സംസ്ഥാനതല ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ ആരംഭിക്കുക, Professional Licensing System നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തിൽ മുന്നോട്ടുവെക്കുന്നു. Social Workers Welfare Board രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.

സ്കൂളുകൾ, ഗ്രാമ പഞ്ചായത്തുകൾ, ആരോഗ്യ മേഖല, മാനസികാരോഗ്യ കേന്ദ്രങ്ങൾ, പുതുതായി ആരംഭിക്കുന്ന വയോജന ക്ഷേമ വകുപ്പ് തുടങ്ങിയ മേഖലകളിൽ സോഷ്യൽ വർക്കർമാരുടെ സ്ഥിരം സേവനം ഉറപ്പാക്കണമെന്നും, സ്ത്രീ സാമൂഹ്യ പ്രവർത്തകർക്കായി സുരക്ഷിത തൊഴിൽ സാഹചര്യങ്ങളും സാമൂഹ്യ സുരക്ഷാ പദ്ധതികളും നടപ്പാക്കണമെന്നും കത്തിൽ പറഞ്ഞു.

തൊഴിൽ മാനദണ്ഡങ്ങൾ ഏകീകരിക്കുക, മിനിമം വേതനം ഉറപ്പാക്കുക, പരിശീലന പദ്ധതികൾക്കും ഗവേഷണ അവസരങ്ങൾക്കും സർക്കാർ പിന്തുണ നൽകുക തുടങ്ങിയ 11 പ്രധാന ആവശ്യങ്ങളാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. World Social Work Day സംസ്ഥാനതലത്തിൽ ഔദ്യോഗികമായി ആചരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. സോഷ്യൽ വർക്കർമാരുടെ പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് കത്ത് നൽകിയതെന്ന് അമൽ മത്തായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *