എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കാൻ എടുത്ത സംസ്ഥാന വനം-വന്യജീവി ബോർഡിന്റെ തീരുമാനം പരിവേഷ് പോർട്ടലിലൂടെ അപ്‌ലോഡ് ചെയ്ത് കേന്ദ്ര ഗവൺമെന്റ് സമർപ്പിക്കുന്നതിന് ഉന്നതതല യോഗത്തിൽ തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
1978-ൽ പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ച ഘട്ടത്തിൽ പ്രസ്തുത കടുവാ സങ്കേതത്തിന്റെ അതിർത്തികളായി പമ്പാ നദിയും, അഴുത നദിയും രേഖപ്പെടുത്തപ്പെടുകയും തന്മൂലം 1950കൾ മുതൽ ജനവാസ മേഖലയായിരുന്ന പമ്പാവാലി,എയ്ഞ്ചൽ വാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെട്ട് വരികയുമായിരുന്നു.
ഈ തെറ്റ് തിരുത്തി എയ്ഞ്ചൽ വാലി,പമ്പാവാലി പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനും, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും നിവേദനം നൽകിയതിനെ തുടർന്ന് സംസ്ഥാന വനം വന്യജീവി ബോർഡിന്റെ 19.01.2023 ൽ ചേർന്ന യോഗത്തിൽ വച്ചാണ് ഈ പ്രദേശങ്ങളെ പെരിയാർ ടൈഗർ റിസർവിൽ നിന്ന് ഒഴിവാക്കുന്നതിന് തീരുമാനിച്ചത്.
പ്രസ്തുത തീരുമാനത്തിന് നിയമ പ്രാബല്യം കൈവരുന്നതിന് കേന്ദ്ര വനം-വന്യജീവി ബോർഡിന്റെ അംഗീകാരം നേടേണ്ടതുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായി പ്രസ്തുത തീരുമാനം പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് അംഗീകാരം നേടുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെയും, പെരിയാർ ടൈഗർ റിസർവിന്റെയും, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞ ദിവസം ബഹു.വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെയും, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേരുകയുണ്ടായി.
പ്രസ്തുത യോഗത്തിൽ വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ.കെ.ആർ ജ്യോതിലാൽ ഐ.എ.എസ്, വനം വകുപ്പ് മേധാവി ശ്രീ.ഗംഗ സിംഗ് ഐ.എഫ്.എസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ.ഡി.ജയപ്രസാദ് ഐ.എഫ്.എസ്, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.കെ.വി ഹരികൃഷ്ണൻ ഐ.എഫ്.എസ്, കോട്ടയം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ് ) ശ്രീ.പി.പി പ്രമോദ് ഐ.എഫ്.എസ് തുടങ്ങിയവരും പങ്കെടുത്തു.
നിയമപ്രകാരമുള്ള എല്ലാ ഡോക്യൂമെന്റുകളും, മതിയായ വിവരങ്ങളും ചേർത്ത് സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനം കേന്ദ്ര വന്യജീവി ബോർഡിന് എത്രയും വേഗം പരിവേഷ് പോർട്ടലിലൂടെ സമർപ്പിക്കുന്നതിന് യോഗത്തിൽ തീരുമാനമെടുത്തു.
ഇതിനായി 15.07.2024 വരെയാണ് സമയം നൽകിയിട്ടുള്ളത്. ഇപ്രകാരം പരമാവധി 10 ദിവസത്തിനുള്ളിൽ ഈ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളെ വനമേഖലയിൽ നിന്ന് ഒഴിവാക്കി റവന്യൂ ഭൂമിയായും, ജനവാസ മേഖലയായും അംഗീകാരം നേടുന്നതിനുള്ള പൂർണ്ണമായ പ്രൊപ്പോസൽ കേന്ദ്ര വനം വകുപ്പിന് സമർപ്പിക്കും.
കേന്ദ്ര വനം-വന്യജീവി ബോർഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ എയ്ഞ്ചൽ വാലി, പമ്പാവാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിൽ നിന്നും ഒഴിവാക്കപ്പെടുമെന്നും, അത് ഈ പ്രദേശത്തെ ജനങ്ങൾക്കാകെ വലിയ ആശ്വാസമാകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.