Kottayam

നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്യാമ്പ്: കോട്ടയം ജില്ലാ തല മത്സരത്തിലെ വിജയികൾ

കോട്ടയം: ലോക ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച് ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിൽ എത്തിക്കാൻ ലക്ഷ്യമിട്ടു ഹരിത കേരളം മിഷൻ അടിമാലി, മൂന്നാർ എന്നിവിടങ്ങളിൽ വെച്ച് നീലക്കുറിഞ്ഞി ജൈവവൈവിധ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഏഴ്, എട്ട്, ഒൻപതു ക്ലാസുകളിലെ കുട്ടികളെയാണ് ഈ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നത്. ഇതിനായി ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലും കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി ജൈവവൈവിധ്യ വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിച്ചു.

ക്വിസ് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഹരിത കേരളം മിഷന്റെ സർട്ടിഫിക്കറ്റ് നൽകി. ഓരോ മത്സരവേദിയിൽനിന്നു ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ബ്ലോക്കിലെ അലൻ സിനു ഒന്നാം സ്ഥാനവും ഉഴവൂർ ബ്‌ളോക്കിലെ പി. കാർത്തിക് രണ്ടാം സ്ഥാനവും പള്ളം ബ്ലോക്കിലെ ലക്ഷ്മിപ്രിയ എ.വി. മൂന്നാം സ്ഥാനവും വൈക്കം ബ്‌ളോക്കിലെ ജൂണാ ബൈജു നാലാം സ്ഥാനവും സ്വന്തമാക്കി.

ജില്ലയിൽനിന്നു തെരഞ്ഞെടുക്കുന്ന മികച്ച നാലു കുട്ടികളെയാണ് മേയ് 20,21,22 തീയതികളിൽ സംസ്ഥാനതലത്തിൽ നടക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവ ക്യാമ്പിൽ പങ്കെടുപ്പിക്കുന്നത്.

വിനോദവും വിജ്ഞാനവും കോർത്തിണക്കി ശിൽപശാലകൾ കുട്ടികളുടെ പഠനങ്ങൾ, ഫീൽഡ് പ്രവർത്തനങ്ങൾ, പാട്ടുകൾ, കളികൾ വികസനം എന്നിവ ഉൾപ്പെടുത്തിയാണ് മൂന്ന് ദിവസത്തെ പഠന ക്യാമ്പ്.

ഇടുക്കി ജില്ലയിലെ അടിമാലിയിൽ ഹരിത കേരളം മിഷൻ, യു.എൻ.ഡി.പി പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിന്റെ കമ്മ്യൂണിറ്റി തല പരിപാടികളുടെ ഭാഗമായാണ് പരിപാടി. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വേൾഡ് വൈഡ് ഫണ്ടുമായി സഹകരിച്ചാണ് ജൈവവൈവിധ്യ പഠനോത്സവം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *