മൂന്നിലവ് : മലയോര മേഖലയായ മൂന്നിലവ് പഞ്ചായത്തിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന കടപുഴ പാലം തകർന്നിട്ട് ഒരു വർഷമായിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ. ഭരണ മുന്നണിയും പ്രതിപക്ഷവും ജനപ്രതിനിധികളുമെല്ലാം മൂന്നിലവുകാരെ ഉപേക്ഷിച്ചമട്ടാണ്. ജന പ്രതിനിധികൾ തമ്മിൽ ആരു പാലം പണിയണമെന്ന വാശിയും നില നിൽക്കുന്നതോടെ വഴിയാധാരമായിരിക്കുകയാണ് മൂന്നിലവ് നിവാസികൾ.
2021 ഒക്ടോബർ 16 നുണ്ടായ പ്രളയത്തിലാണ് തൂണിൽ മരം വന്നിടിച്ച് സ്ലാബ് തകർന്ന് പാലം അപകടാവസ്ഥയിലായത്. ഇതോടെ പഞ്ചായത്തിലെ രണ്ട് , മൂന്ന് നാല് , ഏഴ് വാർഡുകൾ പൂർണമായും ഒറ്റപ്പെടുകയായിരുന്നു. കുറച്ചു കാലം ചെറു വാഹനങ്ങൾ കടന്നു പോയെങ്കിലും ഇപ്പോൾ അതും മുടങ്ങി. കോട്ടയത്തു നിന്ന് ഇടുക്കിയിലേക്കുള്ള ഹ്രസ്വദൂര റോഡിനു പുറമേ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല് എന്നിവടങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ് എന്നുള്ള പ്രത്യേക തയുമുണ്ട്. ഒലിച്ചു പോയ റോഡും പാലവും പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രമേയം പാസാക്കി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയെങ്കിലും പാലം പണി നടന്നില്ല.
പ്രളയത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ 30 നുണ്ടായ ഉരുൾ പൊട്ടലിൽ അപ്രോച്ച് റോഡും തകർന്നു. ദുരന്ത സ്ഥലം സന്ദർശിച്ച മന്ത്രി വി.എൻ . വാസവൻ മൂന്നു കോടി രൂപ പട്ടിക വർഗ വികസന ഫണ്ടിൽ നിന്നും അനുവദിക്കുന്നതാണെന്ന് പ്രഖ്യാപനവും നടത്തി. പക്ഷേ, മന്ത്രിമാരുടെ ഉറപ്പും പ്രഖ്യാപനവും ജലരേഖയായി അവശേഹിക്കുകയാണ്.
ഗതാഗതം പൂർണമായി തടസപ്പെട്ടിട്ട് ഇപ്പോൾ 5 മാസം പിന്നിടുകയാണ്. മൂന്നിലവിൽ നിന്ന് മേച്ചാൽ, ചക്കിക്കാവ് പ്രദേശത്തേക്കുള്ള ഗതാഗത മാർഗമാണ് അടഞ്ഞിരിക്കുന്നത്. നാട്ടുകാർക്ക് പഞ്ചായത്ത് ആസ്ഥാനമായ മൂന്നിലവിലെത്താൽ മൂന്നു ബസുകൾ കയറിയിറങ്ങി 25 കിലോമീറ്റർ യാത്ര ചെയ്യണം. പാലത്തിന്റ ഗുണഭോക്താക്കളിലേറെയും പട്ടിക വർഗ വിഭാഗക്കാരാണ്.

പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയെയും പൊതു മരാമത്ത് മന്ത്രിയെയും നേരിൽ കണ്ട് നിവേദനം നൽകിയെങ്കിലും തുടർ നടപടി ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ പറഞ്ഞു. ഇന്ന് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിൽ പാലത്തിനായി തുക അനുവദിക്കുമോ എന്ന് കാത്തിരിക്കുകയാണ് നാട്ടുകാർ.