എരുമേലി : കേരള ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കൈവശ ഭൂമിക്ക് പട്ടയം ലഭിച്ച കൃഷിക്കാർക്ക് തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിൽ പട്ടയം ലഭിച്ചതിനുശേഷം നട്ട് വളർത്തിയതും, കിളിർത്ത് വന്നതുമായ ചന്ദനം ഒഴികെയുള്ള എല്ലാ വൃക്ഷങ്ങളും വെട്ടിയെടുക്കുന്നതിന് അധികാരം നൽകുന്ന ചട്ട ഭേദഗതി ഗവൺമെന്റിന്റെ പരിഗണനയിൽ ആണെന്നും,നിയമ വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മരം മുറിക്കുന്നതിന് കർഷകരുടെ അവകാശം ഉറപ്പുവരുത്തിക്കൊണ്ട് ചട്ട ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി തെക്ക്, എരുമേലി വടക്ക് , കോരുത്തോട് തുടങ്ങിയ വില്ലേജുകളിലെ കർഷകർ ഉൾപ്പടെ സംസ്ഥാനത്തെ പട്ടയ ഭൂമി കൈവശമുള്ള മുഴുവൻ കൃഷിക്കാരും അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാണിച്ച് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
പട്ടയം ലഭിച്ചശേഷം കർഷകർ നട്ടുവളർത്തിയതും, കിളിർത്ത് വന്നതുമായ വൃക്ഷങ്ങളുടെ അവകാശം കർഷകർക്ക് തന്നെ ലഭിക്കണം എന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്രകാരമുള്ള വൃക്ഷങ്ങൾ മുറിച്ചെടുക്കുന്നതിന് കർഷകർക്ക് അവകാശം നൽകിക്കൊണ്ട് 2020 ൽ പുറപ്പെടുവിച്ചിരുന്ന റവന്യൂ വകുപ്പിന്റെ 261-)o നമ്പർ ഉത്തരവ് മുട്ടിൽ മരം മുറി കേസിനെ തുടർന്ന് റദ്ദാക്കപ്പെട്ടതാണ് കർഷകർക്ക് വിനയായി ഭവിച്ചത് എന്ന് സബ്മിഷനിലൂടെ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ചൂണ്ടിക്കാണിച്ചിരുന്നു.
പുതിയ ചട്ട ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ കർഷകർ അഭിമുഖീകരിച്ചിരുന്ന വലിയൊരു പ്രതിസന്ധിക്ക് പരിഹാരമാവുകയാണ്. ഇത് ആയിരക്കണക്കിന് കർഷകർക്ക് ആശ്വാസമാകും.