എന്തയാർ: ബലിപെരുന്നാളിന്റെ ത്യാഗ സ്മരണ ജീവിതത്തിൽ പകർത്താൻ മദ്രസാ അധ്യാപകർ തയ്യാറാകണമെന്നും ജനങ്ങളിലേക്ക് ഇറങ്ങി ലക്ഷ്യപൂർത്തീകരണത്തിന് സമയം വിനിയോഗിക്കണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി അജ്നാസ് സഖാഫി വണ്ണപ്പുറം ആവശ്യപ്പെട്ടു.
സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ പെരുന്നാൾ സ്നേഹോപഹാര സമർപ്പണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . സമൂഹത്തിൽ അരാജകത്വം വർദ്ധിച്ചുവരികയാണ്. മതം വലിച്ചറിഞ്ഞ് സ്വതന്ത്ര ചിന്തകളിലേക്ക് യുവാക്കൾ ചേക്കേറുന്നത് ഭൗതികലോകത്ത് എങ്ങനെയെങ്കിലും ജീവിച്ചാൽ മതിയെന്ന ചിന്തയാണ്.
ലഹരിയും ലൈംഗിക അരാജകത്വവും നാടിന്റെ സം സ്കാരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. ഇതിനെതിരെ പ്രതികരിക്കുകയും യുവസമൂഹത്തയെ നാടിന്റെ നന്മയ്ക്കായി ധാർമികതയിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യേണ്ടത് മദ്രസാ അധ്യാപകരുടെ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
റെയിഞ്ച് പ്രസിഡണ്ട് സുലൈമാൻ സഅദി എന്ത യാർ അധ്യക്ഷത വഹിച്ച യോഗം സമസ്ത ജില്ലാ മുശാവറ അംഗം മുഹമ്മദ് സലീം സഖാഫി ഉദ്ഘാടനം ചെയ്തു.
ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് വി എച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ, സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസഖാഫി, റെയിഞ്ച് സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫി ഈരാറ്റുപേട്ട, ഫായിസ് സഖാഫി അൽഹിക്കമി, ശിയാസ് അംജദി, അഫ്സൽ മദനി, ശംസുദ്ദീൻ അശ്റഫി, മുഹമ്മദ് തൗഫീക്ക് എന്നിവർ സംസാരിച്ചു ചങ്ങനാശ്ശേരി മർക്കസുൽ ഹുദ ചീഫ് ഇമാം അബ്ദുസ്സലാം ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എന്ത യാർ ബദ് രിയ മസ്ജിദ് പ്രസിഡണ്ട് അബ്ദുല്ലത്തീഫ് (പണിക്ക വീട്ടിൽ) അധ്യാപകർക്കുള്ള സ്നേഹോപഹാരം കൈമാറി.





