Pala

എം.ജി. നീന്തൽ: പാലാ സെന്റ് തോമസ്, അൽഫോൻസാ ജേതാക്കൾ

പാലാ: പാലാ സെന്റ് തോമസ് കോളേജ് (ഓട്ടോണമസ്) ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ നീന്തൽക്കുളത്തിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല നീന്തൽ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജും കിരീടം നിലനിർത്തി.

എം.ജി. സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി പുരുഷ–വനിതാ വിഭാഗങ്ങളിലായി 500-ലധികം നീന്തൽ താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ 114 പോയിന്റ് നേടിയാണ് സെന്റ് തോമസ് നീന്തൽ കിരീടം നിലനിർത്തിയത്.

ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് (57 പോയിന്റ് ) രണ്ടാം സ്ഥാനവും കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് (25 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. പാലാ സെന്റ് തോമസ് കോളേജിലെ ജോസഫ് വി. ജോസ് നാല് സ്വർണ്ണം നേടി പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി.

വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ 160 പോയിന്റ് നേടിയാണ് കിരീടം നിലനിർത്തിയത്. സെന്റ് തോമസ് കോളജ് രണ്ടാം സ്ഥാനവും, സെന്റ് തെരേസാസ് കോളേജ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജിലെ അനീഷാ എസ്, അനഘ എം. ആർ. എന്നിവർ നാല് സ്വർണ്ണം വീതം നേടി വനിതാ വിഭാഗം വ്യക്തിഗത ചാമ്പ്യന്മാരായി.

പുരുഷ വിഭാഗം വാട്ടർപോളോ ചാമ്പ്യൻഷിപ്പിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് കിരീടം നേടി. പാലാ സെന്റ് തോമസ് കോളേജ് രണ്ടാം സ്ഥാനവും, കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് മൂന്നാം സ്ഥാനവും നേടി. പാലാ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി. മിനിമോൾ മാത്യു , ഡോ. സി. മഞ്ജു എലിസബത്, പാലാ മുനിസിപ്പൽ കൗൺസിലർ പ്രിൻസി സണ്ണി, ഫാ. ഫ്രാൻസിസ് മാട്ടേൽ എന്നിവർ ചേർന്ന് ജേതാക്കൾക്കുള്ള ട്രോഫികൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *