Pala

വീണ് കഴുത്ത് ഒടിഞ്ഞ വയോധികയ്ക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർ‌വ്വ ശസ്ത്രക്രിയ

പാലാ: വീണ് കഴുത്തിൽ ഒടിവ് സംഭവിച്ച 70 വയസുള്ള വയോധികയായ കന്യാസ്ത്രീയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു. നേര്യമംഗലം സ്വദേശിയായ കന്യാസ്ത്രീക്കാണ് കുളിമുറിയിൽ തെന്നി വീണു കഴുത്തിനും തലയിലും ഗുരുതര പരുക്കേറ്റിരുന്നത്.

വീഴ്ചയിൽ കഴുത്തിലെ രണ്ടാമത്തെ കശേരുവിന്റെ ഭാഗമായ ഓഡണ്ടോയ്ഡിനു ഒടിവ് സംഭവിച്ച് ഗുരുതര നിലയിലായിരുന്നു. കഴുത്ത് നേരെ നിൽക്കാത്ത വിധത്തിലായിരുന്നു പരുക്ക്.

ഓഡണ്ടോയ്ഡിനു ഒടിവ് സംഭവിച്ചാൽ തൊട്ടുപുറകിലുള്ള സുഷുന്മനാഡിക്കും, തലച്ചോറിന്റെ താഴെ ഭാഗമായ മെഡുല്ല ഒംബ്ലാംഗേറ്റയ്ക്കും ഗുരുതര ക്ഷതം സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ച ശേഷം കന്യാസ്ത്രീയെ ആന്റീരീയർ ട്രാൻസ്ഓഡണ്ടോയ്ഡ് സ്ക്രൂ ഘടിപ്പിച്ച് കഴുത്ത് നേരെയാക്കുന്ന അപൂർവ്വ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

കഴുത്തിനു മുന്നിലൂടെ ചെയ്യുന്ന ഈ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഒടിഞ്ഞിരുന്ന ഓഡണ്ടോയ്ഡിനെ കൂട്ടിയോജിപ്പിക്കാൻ സാധിച്ചു. ഈ ആധുനിക ശസ്ത്രക്രിയ രീതിയിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ ഗ്രാഫ്റ്റ് ആവശ്യമില്ലാതെ തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്.

മാർ സ്ലീവാ മെഡിസിറ്റി ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സരീഷ് കുമാർ എം.കെ യുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അനസ്തേഷ്യോളജി വിഭാഗം കൺസൾട്ടന്റ് ഡോ.അഭിജിത്ത് കുമാറും ശസ്ത്രക്രിയയിൽ പങ്കെടുത്തു . കുറഞ്ഞ ആശുപത്രിവാസം മാത്രം ആവശ്യമുള്ള ഈ ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ച കന്യാസ്ത്രീ ആശുപത്രിയിൽ നിന്നു മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *