General

ഉഴവൂർ പഞ്ചായത്തിലെ ചിറയിൽക്കുളത്ത് നിർമ്മാണം പൂർത്തീകരിച്ച ഹാപ്പിനെസ് സെന്റർ 13ന് നാടിന് സമർപ്പിക്കും

കുറവിലങ്ങാട്: ഉഴവൂർ പഞ്ചായത്തിലെ ചിറയിൽക്കുളത്ത് നിർമ്മാണം പൂർത്തീകരിച്ച ഹാപ്പിനെസ് സെന്റർ 13ന് നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യനും വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബും അറിയിച്ചു.

ഉഴവൂരിലേയും സമീപഞ്ചായത്തുകളിലേയും ജനങ്ങൾക്ക് മാനസിക, ശാരീരിക ആരോഗ്യത്തിന് പ്രയോജനപ്പെടുത്താനകുന്ന പദ്ധതി ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോസ് കെ. മാണി എംപി, തോമസ് ചാഴികാടൻ എംപി എന്നിവരുടെ പ്രാദേശിക വികസനഫണ്ടും ജില്ലാ , ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ലഭ്യമാക്കിയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. അമൃത് സരോവർ പദ്ധതിയുടെ ഭാഗമായെത്തിയ വികസനവും ഹാപ്പിനെസ് സെന്ററിന് നേട്ടമായി.

ഹാപ്പിനെസ് സെന്ററിന്റെ ഭാഗമായി ചിറയിൽക്കുളം മനോഹരമാക്കി സംരക്ഷണഭിത്തി നിർമ്മിച്ചു. കുട്ടികൾക്കും വനിതകൾക്കും വയോജനങ്ങൾക്കുമായി വ്യായാമത്തിനും ഉല്ലാസത്തിനുമായി പ്രത്യേകം പാർക്കുകൾ ക്രമീകരിച്ചിട്ടുണ്ട്. പുതുതലമുറയ്ക്ക് ഏറെ ആകർഷകമായി ഫോട്ടോ പോയിന്റ്, സെൽഫി പോയിന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2021 മുതലുള്ള ഫണ്ടുകളിലൂടെ വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബിന്റെ നിർദ്ദേശത്തിലൂടെ കാൽക്കോടി രൂപ ലഭ്യമാക്കി ജെറിയാട്രിക്ക്, ചിൽഡ്രൻസ് പാർക്കുകളും ഓപ്പൺ ജിമ്മും വനിതാ ജിമ്മും ശുചിത്വസമുച്ചയവും ടൈലിംഗ്, റൂഫിങ്ങ് എന്നിവ നടപ്പിലാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം മാത്യു അനുവദിച്ച 17 ലക്ഷം രൂപ വിനിയോഗിച്ച് കുളം സംരക്ഷണ ഭിത്തി നിർമ്മാണവും ടൈലിംഗും നടത്തി.

ജോസ് കെ. മാണി എംപി അനുവദിച്ച ഏഴുലക്ഷം രൂപ കുളം സംരക്ഷണഭിത്തി, കിണർ സംരക്ഷണം തോടിന് മുകളിൽ സ്ലാബ് ഇടീൽ എന്നിവയ്ക്ക് പ്രയോജനപ്പെടുത്തി. തോമസ് ചാഴികാടൻ എംപി അനുവദിച്ച 4.5 ലക്ഷം രൂപ വിനിയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റിനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. അമൃതസരോവർ പദ്ധതിയിൽ 14 ലക്ഷം രൂപ ലഭിച്ചത് ഏറെ നേട്ടമായി.

13ന് നാലിന് പദ്ധതി ജോസ് കെ. മാണി എംപി നാടിന് സമർപ്പിക്കും. സമ്മേളനം ഉദ്ഘാടനവും ജോസ് കെ. മാണി എംപി നിർവഹിക്കും. സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അധ്യക്ഷത വഹിക്കും.

ചിൽഡ്രൻസ് പാർക്ക് തോമസ് ചാഴികാടൻ എംപിയും വയോജനങ്ങളുടെ പാർക്ക് മോൻസ് ജോസഫ് എംഎൽഎയും അമൃതസരോവർ പദ്ധതിയിൽ നവീകരിച്ച കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചനും ശുചിത്വസമുച്ചയം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം മാത്യവും ഉദ്ഘാടനം ചെയ്യും.

വനിതാ ജിമ്മിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്യും. സെൽഫി പോയിന്റ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം രാമചന്ദ്രനും ജയ്ഹിന്ദ് പബ്ലിക്ക് ലൈബ്രറി ഒരുക്കുന്ന പുസ്തകക്കൂട് പഞ്ചായത്തംഗം മേരി സജിയും ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്, പഞ്ചായത്തംഗങ്ങൾ പങ്കൈടുക്കും.

ഉത്സവപ്രതീതിയോടെ ഉദ്ഘാടനത്തെ വരവേൽക്കാനാണ് നാടിന്റെ പരിശ്രമങ്ങൾ. ഹാപ്പിനെസ് പാർക്കുകൾ ആരംഭിക്കാനുള്ള സംസ്ഥാനസർക്കാരിന്റെ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഗ്രാമീണമേഖലയിൽ ഒരു ഹാപ്പിനെസ് സെന്റർ പ്രവർത്തനം തുടങ്ങുന്നതെന്നും ഏറെ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *