General

കെ.എം മാണിയുടെ കുറവ് സംസ്ഥാനം അനുഭവിക്കുന്നതായി മുഖ്യമന്ത്രി

സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറ്റം  ഉണ്ടാകുമ്പോൾ ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കെ.എം.മാണിയെ പോലെ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്കായി ജീവിച്ചവരുടെ കുറവ് ഏറെ  അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 

കേന്ദ്ര സർക്കാർ സംസ്ഥാനത്തിൻ്റെ അവകാശങ്ങളും    നിയമ നിർമ്മാണ അധികാരങ്ങളും   നികുതി അധികാരങ്ങളും  വായ്പാ പരിധി അധികാരങ്ങളും യുക്തിരഹിതമായി നിയന്ത്രിക്കുന്ന ഇക്കാലത്ത് കെ.എം. മാണി ജീവിച്ചിരുന്നെങ്കിൽ കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം ശക്തമായ പ്രതിഷേധം ഉയർത്തുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിനെതിരെയുള്ള ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹം ഇല്ല എന്നത് വലിയ നഷ്ടം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

കെ.എം.മാണിയുടെ   ആത്മകഥയുടെ പ്രകാശനം നിയമസഭാ മന്ദിരത്തിലുള്ള ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരനൂറ്റാണ്ടുകാലം താൻ ജീവിച്ച കാലഘട്ടത്തിലെ സമൂഹത്തിൻ്റെ കഥ അനന്തര തലമുറകൾക്ക് പകർന്നു നൽകാൻ   കെ.എം.മാണി തൻെറ  ആത്മകഥയിൽ ശ്രമിച്ചു   എന്നിടത്താണ് അദ്ദേഹത്തിൻ്റെ ആത്മകഥ വ്യത്യസ്തമാകുന്നത്. ഇത്തരം ഒരു ആത്മകഥാ രചനാ ശൈലി ആത്മകഥാ രചയിതാക്കൾ മാതൃകയാക്കണം.

കേരളത്തിൻ്റെ രാഷ്ട്രീയം  പഠിക്കാൻ ആഗ്രഹിക്കുന്ന  ഗവേഷകർക്കും ചരിത്ര വിദ്യാർത്ഥികൾക്കും മുതൽകൂട്ടാണ് കെ-എം. മാണിയുടെ ആത്മകഥ.  വിമോചന സമരം, മാനേജ്മെൻ്റ്  സമരം, അടിയന്തരാവസ്ഥ എന്നീ സംഭവങ്ങളിൽ കെ.എം. മാണി വ്യക്തമാക്കുന്ന  തൻ്റെ അഭിപ്രായങ്ങൾ യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും ഒരുപോലെ പ്രയോജനകരമാണ്.

1979ൽ കെ.എം. മണിക്ക് മുഖ്യമന്ത്രിയാകാൻ സാധ്യത തെളിഞ്ഞപ്പോഴാണ് മന്ത്രിസഭ പിരിച്ചുവിട്ടത്. പിന്നീട് സ്വന്തം മുന്നണിയിൽ നിന്ന് തന്നെ അദ്ദേഹത്തിന് തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നു. എതിർ മുന്നണിയിൽ നിന്നുള്ളതിനേക്കാൾ സ്വന്തം മുന്നണിയിൽ നിന്നുണ്ടായ വേദന അദേഹം വ്യക്തമായി പങ്കു വയ്ക്കുന്നുണ്ട്.

മുന്നണി ബന്ധങ്ങൾ, ഘടകകക്ഷികളോട് പുലർത്തേണ്ട രാഷ്ട്രീയ  മര്യാദ എന്നിവ വ്യക്തമായി ചൂണ്ടി കാണിച്ചിട്ടുണ്ട്. പരസ്പര വിശ്വാസം വൈരനിര്യാതന ബുദ്ധിയിലേക്ക് വഴിമാറുന്ന കഥ അദ്ദേഹം പറയുന്നുണ്ട്. മുന്നണി ബന്ധങ്ങൾ എങ്ങനെയാവരുത് എന്നതും അദ്ദേഹം വ്യക്തമാക്കുന്നു. കേന്ദ്ര സംസ്ഥാന ബന്ധങ്ങളിൽ കാതലായ മാറ്റം വേണമെന്ന് അതിശക്തമായി വാദിച്ചിരുന്ന പ്രഗൽഭനായിരുന്നു കെ.എം. മാണിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അധ്വാന വർഗ സിദ്ധാന്തത്തിലൂടെ സിദ്ധാത്തിലും  അഡിഷണാലിറ്റിയിലൂടെ ഭാഷക്കും  അദ്ദേഹം കാതലായ സംഭാവനകൾ നൽകി. കർഷക പ്രശ്നങ്ങളിലും മലയോര പ്രശ്നങ്ങളിലും അന്താരാഷ്ട്ര കരാറുകൾ ഉയർത്തുന്ന വെല്ലുവിളികളിലും അദ്ദേഹം വ്യക്തമായ നിലപാടുകൾ സമൂഹത്തിന് മുമ്പിൽ കാഴ്ചവച്ചു . ഭരണനിർവഹണവും നിയമസഭാ പ്രവർത്തന മികവും ഒരുപോലെ അദ്ദേഹത്തെ വ്യത്യസ്തനാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.

കെ.എം.മാണിയുടെ റെക്കോർഡ് തകർക്കാൻ ആർക്കും കഴിയില്ലെന്ന് പുസ്തകം ഏറ്റുവാങ്ങിയ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി. അധ്യക്ഷനായിരുന്നു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി, ബിനോയ് വിശ്വം,  എം.വി. ശ്രേയാംസ് കുമാർ, ഡോ..എൻ. ജയരാജ് എന്നിവർ പ്രസംഗിച്ചു. കെ.എം. മാണിയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *