General

ആർച്ച് ബിഷപ്പ് മാർ തോമസ് മേനാംപറമ്പിൽ കാലം ചെയ്തു

ഗുവാഹത്തി അതിരൂപതയുടെ ആർച്ച്ബിഷപ്പ് എമരിറ്റസ് മാർ തോമസ് മേനാംപറമ്പിൽ (90) ഇന്ന് പുലർച്ചെ (25/11/2026) ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വടക്കുകിഴക്കൻ ഇന്ത്യയിലെ സമാധാന പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ-സഭാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ പ്രമുഖ സഭാ നേതാവായിരുന്നു അദ്ദേഹം.

1936 ഒക്ടോബർ 22, കോട്ടയം ജില്ലയിലെ വാകക്കാട് ആണ് മാർ തോമസ് മേനാംപറമ്പിൽ ജനിച്ചത്. പാലാ സെന്‍റ് തോമസ് ഇംഗ്ലീഷ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡാർജിലിംഗിലും ഷില്ലോംഗിലുമായി ഉപരിപഠനം പൂർത്തിയാക്കി.

പിന്നീട് സലേഷ്യൻ സന്യാസ സഭയിൽ ചേർന്ന അദ്ദേഹം 1965 മേയ് രണ്ടിന് വൈദികപട്ടം സ്വീകരിച്ചു. 1981ൽ ദിബ്രുഗഡ് രൂപതയുടെ മെത്രാനായി നിയമിതനായി. 1992ൽ പുതുതായി രൂപീകരിക്കപ്പെട്ട ഗോഹട്ടി രൂപതയുടെ പ്രഥമ മെത്രാനായും, 1995ൽ അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ പ്രഥമ ആർച്ച്ബിഷപ്പായും അദ്ദേഹം ചുമതലയേറ്റു.

2012 ജനുവരി 18ന് ആർച്ച്ബിഷപ്പ് പദവിയിൽ നിന്ന് വിരമിച്ച അദ്ദേഹം, തുടർന്ന് 2014 മുതൽ 2016 വരെ ജോവായ് രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. ആസാം, മണിപ്പൂർ തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ ഗോത്ര വർഗങ്ങൾക്കിടയിലുണ്ടായ രൂക്ഷമായ വംശീയ കലാപങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. സമാധാന ചർച്ചകൾക്കായി ‘ജോയിന്‍റ് എക്യുമെനിക്കൽ പീസ് ടീം’ രൂപീകരിക്കുന്നതിന് നേതൃത്വം നൽകി.

മദർ തെരേസയ്ക്കും ബാബാ ആംതെയ്ക്കും ലഭിച്ചിട്ടുള്ള പ്രശസ്തമായ മാഷിയോ അവാർഡ് (1998), ഡോ. എ.പി.ജെ. അബ്ദുൾ കലാം വേൾഡ് പീസ് അവാർഡ് (2023), 2026-ലെ പീസ് അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സമാധാനം, സംസ്കാരം, വിദ്യാഭ്യാസം, ആത്മീയത തുടങ്ങിയ വിഷയങ്ങളിൽ നിരവധി പുസ്തകങ്ങളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. 2010-ൽ റോമിലെ കൊളോസിയത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നയിച്ച ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി പ്രാർത്ഥനകൾ തയ്യാറാക്കിയതും അദ്ദേഹമാണ്.

Leave a Reply

Your email address will not be published. Required fields are marked *