വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. തകർന്ന വീടിനടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം. മരണ സംഖ്യ ഉയരുമെന്നാണ് സൂചനകള്‍.
ചാലിയാർ തീരത്ത് നിന്ന് ഇതുവരെ ലഭിച്ചത് 11മൃതദേഹമാണ് ലഭിച്ചത്. ജില്ലാ ആശുപത്രിയിൽ 7 മൃതദേഹങ്ങളാണ് എത്തിയത്. നാല് മൃതദേഹങ്ങൾ ഇരുട്ടുകുത്തിയിൽ ചാലിയാറിൻ്റെ മറുകരയിലാണ്. ചാലിയാർ കടത്തി ഇക്കരക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും കണ്ണൂർ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു.
കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു. രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം.