Erattupetta

വിവിധ റോഡുകളിൽ സംരക്ഷണഭിത്തിക്കും കലുങ്ക് നിർമ്മാണത്തിനും 90 ലക്ഷം രൂപ അനുവദിച്ചു : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് റോഡ് വിഭാഗം ഈരാറ്റുപേട്ട സെക്ഷന് കീഴിൽ വിവിധ പൊതുമരാമത്ത് റോഡുകളിൽ സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ, ഡ്രെയിനേജ് സംവിധാനം എന്നിവയ്ക്കായി 5 പ്രവർത്തികളിലായി 90 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം പിൻവലിച്ചതിനുശേഷം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രസ്തുത പ്രവർത്തികൾ നടപ്പിലാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. താഴെപ്പറയുന്ന പ്രവർത്തികൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത് :

ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വെള്ളികുളം-ഒറ്റയീട്ടി ഭാഗത്ത് ഉരുൾപൊട്ടലിനെ തുടർന്ന് സംരക്ഷണ ഭിത്തി തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി പുനർ നിർമ്മാണത്തിന് 55 ലക്ഷം രൂപയും, തീക്കോയി ടൗൺ പ്രദേശത്ത് പെട്രോൾ പമ്പിന് സമീപം പുതിയ സംരക്ഷണഭിത്തി നിർമ്മാണത്തിന് 3 ലക്ഷം രൂപയും, ,പൂഞ്ഞാർ -കൈപ്പള്ളി-ഏന്തയാർ റോഡിൽ പയ്യാനിത്തോട്ടം ഭാഗത്ത് പുതിയ സംരക്ഷണഭിത്തി നിർമ്മാണത്തിന് 3 ലക്ഷം രൂപയും പ്രകാരമാണ് സംരക്ഷണഭിത്തികൾക്ക് തുക അനുവദിച്ചിട്ടുള്ളത്.

കൂടാതെ, ഈരാറ്റുപേട്ട ടൗണിൽ കടുവാമൂഴി ജുമാമസ്ജിദിന് മുൻവശം നിരന്തരമായി ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഡ്രെയിനേജ് സംവിധാനവും കലുങ്കും നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയും, പെരിങ്ങളം -അടിവാരം റോഡിൽ അടിവാരം ഭാഗത്ത് തകരാറിലായ കലുങ്ക് പുനർ നിർമ്മിക്കുന്നതിന് 9 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

നടപടിക്രമങ്ങൾ പാലിച്ച് പരമാവധി വേഗത്തിൽ പ്രവർത്തികൾ നടപ്പിലാക്കുമെന്നും പ്രസ്തുത പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടുകൂടി മേൽപ്പറഞ്ഞ റോഡുകളുടെ കൂടുതൽ മികച്ച ഉപയോഗം കൈവരുകയും നിലവാരം മെച്ചപ്പെടുകയും ചെയ്യുമെന്നും എംഎൽഎ അറിയിച്ചു.

കഴിഞ്ഞ 3 വർഷത്തിനിടയിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിലൂടെ മാത്രം ഏകദേശം 600 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കിയിട്ടുണ്ടെന്നും 11 ബിഎം ആൻഡ് ബിസി റോഡുകൾ ഉൾപ്പെടെ ബഹുഭൂരിപക്ഷം റോഡുകളും ഏറ്റവും മികച്ച നിലയിൽ ഗതാഗത സജ്ജമാക്കിയെന്നും, ഇതോടൊപ്പം ഈരാറ്റുപേട്ട – പൂഞ്ഞാർ റോഡും, കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡും ബി. സി ഓവർ ലെ പ്രവർത്തികൾ നടത്തി ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *