പാലാ: അഭിഷിക്തരെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സമുദായം ഒന്നിച്ചുനിന്നാല്‍ എല്ലാ ഭീഷണികളെയും അതിജീവിക്കാമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ 108-ാം ജന്മദിന സമ്മേളനം പൈക സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെ ശബ്ദമാണ്. സംഘടന സമുദായത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നൂറ്റിയെട്ട് വര്‍ഷം പൊതുസമൂഹത്തിന്റെ വളര്‍ച്ചയില്‍ കത്തോലിക്ക കോണ്‍ഗ്രസ് നടത്തിയ വിലപ്പെട്ട സംഭാവനകളെ ആര്‍ക്കും തമസ്കരിക്കാനാവില്ല.
സഭയും സമുദായവും പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ത്തിട്ടുണ്ട്. സമുദായത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ വിലപ്പോവുകയില്ല. ചരിത്രപരമായ ആവശ്യമാണ് കത്തോലിക്ക കോണ്‍ഗ്രസ്. സംഘടനയുടെ ആദ്യകാല നേതാക്കളെയും അവര്‍ നേരിട്ട പ്രതിസന്ധികളെയും മാർ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരിച്ചു.
പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആയിരങ്ങള്‍ പങ്കെടുത്ത റാലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. സഭാ നേതൃത്വത്തെയും വിശ്വാസികളെയും ഭിന്നിപ്പിച്ച് അതില്‍നിന്ന് നേട്ടം കൊയ്യാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും വിഭജനവും തീവ്രവാദവുമല്ല സാഹോദര്യവും സഹവര്‍ത്തിത്വവുമാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്നും മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു.
സംഘടനയ്ക്കെതിരേ നിരന്തരമായി കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അവഗണിക്കുന്നതായി ജന്മദിന സന്ദേശം നല്കിയ രൂപത ഡയറക്ടര്‍ ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ വ്യക്തമാക്കി.





