Kottayam

രക്തദാനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ക്യാമ്പയിൻ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു

കോട്ടയം: രക്തദാനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് കോട്ടയം ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ തുടങ്ങുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. ലോക രക്തദാതാ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും കലാലയങ്ങളുടെയും രക്തദാന ഫോറങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളജിലെ ഗവ. നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

രക്തം ദാനം ചെയ്യുന്നതിൽ സ്ത്രീകളുടെ പങ്ക് അഞ്ചു ശതമാനത്തിൽ താഴെയാണെന്നാണ് കണക്ക്. ആരോഗ്യകരമായ കാരണങ്ങൾ ഈ താഴ്ന്ന നിരക്കിനു പിന്നിലുണ്ടാകാം. എങ്കിലും രക്തദാനം ചെയ്യുന്നത് ഗുണകരമാണ് എന്ന ബോധം അവരിൽ ജനിപ്പിക്കാനാകും. താൻ തന്നെ 23 തവണയിലേറെ രക്തദാനം ചെയ്തിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞവർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തദാനം ചെയ്തിട്ടുള്ള സ്ത്രീകളെയും പുരുഷന്മാരെയും സംഘടനകളെയും സ്ഥാപനങ്ങളെയും യോഗത്തിൽ ആദരിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ആധ്യക്ഷം വഹിച്ചു.

ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽനിന്നു ഗവ. നഴ്സിംഗ് കോളേജ് ഓഡിറ്റോറിയം വരെ സംഘടിപ്പിച്ച സന്ദേശറാലി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഫ്ളാഗ് ഓഫ് ചെയ്തു.

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി.കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ഡോ. ആർ. രതീഷ്‌കുമാർ രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, ഗ്രാമപഞ്ചായത്തംഗം അരുൺ ഫിലിപ്പ്, കോട്ടയം മെഡിക്കൽ കോളജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. ലക്ഷ്മി എൽ. രാജൻ, ജില്ലാ ടി.ബി ഓഫീസർ ഡോ. ബാബു വർഗീസ്, അതിരമ്പുഴ മെഡിക്കൽ ഓഫീസർ ഡോ. എസ്. അനിൽകുമാർ, ഗവ. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ, ഡോ. ലിനി ജോസഫ്, ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജോൺ എന്നിവർ പ്രസംഗിച്ചു.

‘രക്തദാനം: യുവജനങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ കോട്ടയം മെഡിക്കൽ കോളജ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ: ചിത്രാ ജെയിംസ് നയിച്ചു. ഗാന്ധിനഗർ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ വിദ്യാർഥികളുടെ ഫ്ളാഷ് മോബും ചടങ്ങിനോടനുബന്ധിച്ചു സംഘടിപ്പിച്ചു.

‘രക്തദാനഘോഷങ്ങളുടെ രണ്ടു ദശകങ്ങൾ: രക്തദാതാക്കളെ നന്ദി.. നിങ്ങളുടെ ദാനം വിലമതിക്കാനാവാത്തതാണ്’ എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. രക്തദാനത്തിന് വഴിയൊരുക്കിയ രക്തഗ്രൂപ്പ് സമ്പ്രദായത്തിന്റെ സ്രഷ്ടാവായ ഡോ. കാൾ ലാൻസ്റ്റെയ്‌നറുടെ ജന്മദിനമായ ജൂൺ 14 ആണ് ലോക രക്തദാതാ ദിനമായി ആചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *