സംസ്ഥാനത്ത് ഇനി ഓട്ടോ-ടാക്സി യാത്രകൾക്ക് ചെലവേറും. യാത്രാനിരക്ക് വർധിപ്പിക്കാനുള്ള തൊഴിലാളി സംഘടനകളുടെ ആവശ്യം ഗതാഗതമന്ത്രി സി.പി. ജോൺ അംഗീകരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു.
വിഷയം പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും. ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും തൊഴിലാളി സംഘടന പ്രതിനിധികൾ അറിയിച്ചു. കമ്മിഷൻ അന്വേഷണം നടത്തുമ്പോൾ ഓരോ യൂണിയനുകൾക്കും അവരവരുടെ നിരക്കുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാം. ഓട്ടോ ഡ്രൈവർമാർക്ക് ഇഎസ്ഐ നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.
മന്ത്രി സി.പി. ജോണും വിഷയത്തിൽ പ്രതികരിച്ചു. തൊഴിലാളി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്നും മന്ത്രി. ഓട്ടോ ടാക്സി നിരക്കുകൾ 2022 ലാണ് പരിഷ്കരിച്ചത്.
നിരക്ക് പരിഷ്കരിക്കണമെന്ന് ട്രേഡ് യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. അതിനായി കമ്മീഷനെ നിയോഗിക്കും. പുതിയ നിരക്ക് പ്രാബല്യത്തിൽ വരാനുള്ള നടപടികൾ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.





