മുണ്ടക്കയം: അഖില തിരുവിതാംകൂർ മലഅരയ മഹാസഭയുടെ സ്ഥാപകനും സാമൂഹ്യ പരിഷ്കർത്താവുമായ രാമൻ മേട്ടൂരിന്റെ നൂറ്റി ഏഴാം ജന്മദിനാഘോഷം ഇ മാസം 28- ന് തൊടുപുഴയിൽ വിവിധ പരിപാടികളോടെ നടക്കും. മല അരയ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക ഉന്നമനത്തിനും സംഘടനാ ശാക്തീകരണത്തിനും നേതൃത്വം നൽകിയ രാമൻ മേട്ടൂർ, പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസ അവസരങ്ങൾക്കും വേണ്ടി പ്രവർത്തിച്ച നവോത്ഥാന നായകനായിരുന്നു.
1950 നവംബർ ആറിന് അഖില തിരുവിതാംകൂർ മല അരയ മഹാസഭ രൂപീകരിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചു,ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ അടൂർ മലയിലെ പുരാതന കുടുംബമായ മേട്ടൂർ വീട്ടിൽ ഇട്യാദിയുടെയും ഇട്ടി പെണ്ണിന്റെയും മകനായാണ് രാമൻ മേട്ടൂർ ജനിച്ചത്. പരിമിതമായ സാഹചര്യങ്ങളിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
ആദിവാസി ജനവിഭാഗങ്ങൾ നേരിട്ടിരുന്ന ചൂഷണങ്ങളും സാമൂഹിക അവഗണനയും വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയും അടുത്തറിഞ്ഞ രാമൻ മേട്ടൂർ സമുദായത്തെ സംഘടിത ശക്തിയാക്കി മാറ്റേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു.
മല അരയ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ആദിവാസി മേഖലകളിൽ അടിസ്ഥാന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി കുടി പള്ളിക്കൂടങ്ങൾ ആരംഭിക്കുന്നതിലും മല അരയ വിദ്യാർഥികൾക്ക് പട്ടിക വർഗ്ഗ പരിഗണനയുടെ അടിസ്ഥാനത്തിൽ സംവരണവും ഫീസിളവുകളും ലഭ്യമാക്കുന്നതിനും ഉള്ള ഇടപെടലുകളിലും അദ്ദേഹത്തിന്റെ പ്രവർത്തനം നിർണായകമായി.
നിർബന്ധിത മതപരിവർത്തനത്തിനെതിരെ ശക്തമായി നിലപാട് സ്വീകരിച്ചു. സാമൂഹിക നീതിക്കും വിദ്യാഭ്യാസ സമത്വത്തിനും ത്തിനും സംഘടിത മുന്നേറ്റത്തിനും പ്രാധാന്യം നൽകിയ നേതാവായിരുന്നു രാമൻ മേട്ടൂർ.
ഒക്ടോബർ 28 ബുധനാഴ്ച രാവിലെ എട്ടിന് പൂമാല സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. സ്മൃതി മണ്ഡപത്തിൽ നിന്നും സമ്മേളന നഗരിയിലേക്ക് ദീപശിഖ പ്രയാണം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം എന്നിവ നടത്തുന്നു. തൊടുപുഴ മർച്ചന്റ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടത്തുന്ന സാംസ്കാരിക സമ്മേളനം എം.പി. അഡ്വ:ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.
സഭാ പ്രസിഡന്റ് മോഹൻദാസ് പഴുമല അധ്യക്ഷത വഹിക്കും തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ മുഖ്യപ്രഭാഷണം നടത്തും. മഹാസഭയുടെ ഭാരവാഹികളും വിവിധ സംഘടനകളുടെ പ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇ. എം.ശശീന്ദ്രൻ എഴുത്തുമേൽ, സരോജിനി ചെലപ്ലാക്കൽ എന്നിവരെ ആദരിക്കും.
പ്രശസ്ത കാർട്ടൂണിസ്റ്റ്ഇ. എം.ശശീന്ദ്രന്റെ ( ഇ. എം. എസ് )ചിരിയും ചിന്തയും എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തും സമുദായത്തിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണവും സമ്മേളന നഗരിയിൽ ഒരുക്കിയിട്ടുണ്ട്.





