Kottayam

മന്ത്രി സജി ചെറിയാന്‍ എം.എം. മണിക്ക് പഠിക്കുന്നു : പ്രസാദ് കുരുവിള

കോട്ടയം: സഹപ്രവര്‍ത്തകയുടെ പ്രീതി സമ്പാദിക്കാന്‍ കുട്ടികളുടെ പുകവലിശീലത്തെ നിസ്സാരവല്‍ക്കരിച്ചും, പിന്തുണച്ചും പരസ്യ പ്രതികരണം നടത്തിയ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുന്‍ മന്ത്രി എം.എം. മണിക്ക് പഠിക്കുകയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. സമിതിയുടെ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.

ലഹരിയെ ന്യായീകരിച്ചും ഭരണഘടനയെ പുച്ഛിച്ചും അബദ്ധങ്ങള്‍ വിളിച്ചുപറഞ്ഞ് പ്രസംഗത്തിന് മാറ്റുകൂട്ടാനോ കൊഴുപ്പ് കൂട്ടാനോ ആരുടെയെങ്കിലും പ്രീതി പിടിച്ചുപറ്റുവാനോ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി മറക്കരുത്. പാര്‍ട്ടിയുടെയോ മുന്നണിയുടെയോ പരിഗണനയില്‍ അര്‍ഹതപ്പെടാത്തവര്‍ നേതൃനിരയില്‍ വരുമ്പോള്‍ അവരെ പരസ്യമായി സാധാരണജനം തിരുത്തേണ്ടി വരുന്നത് ദയനീയമാണ്.

ഇളംതലമുറ ലഹരിയുടെ വിപത്തുകളിലേക്ക് പെട്ടുകൊണ്ടിരിക്കുമ്പോള്‍ അസമയത്തുള്ള ഇപ്രകാരമുള്ള പ്രതികരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മന്ത്രിയും സംഘടനാ സംവിധാനങ്ങളും കരുതലോടെ ഇരിക്കുന്നത് ഉചിതമായിരിക്കും.

ആന്റണി മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസ് കവിയില്‍, കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, അലക്‌സ് കെ. എമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *