തീക്കോയി : പൂഞ്ഞാർ എക്സ് എം എൽ എ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരമുള്ള 18-ാമത് വീട് തീക്കോയി ഗ്രാമപഞ്ചായത്തിലെ മംഗളഗിരിയിൽ പൂർത്തീകരിച്ചു.
നിർദ്ധനയായ ഒരു വിധവയ്ക്കാണ് ഭവനം നിർമ്മിച്ചു നൽകിയിട്ടുള്ളത്. ഇക്കഴിഞ്ഞ 6 വർഷത്തോളമായി പൂഞ്ഞാർ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് സാധുക്കൾക്ക് ഭവന നിർമ്മാണം, വിദ്യാഭ്യാസ മേഖലയിൽ ‘ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്’ (Future Stars Education Project), ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭ്യതയ്ക്ക് ഓൺലൈൻ ജോബ് പോർട്ടൽ ആയ “പൂഞ്ഞാർ ജോബ്സ്” (Poonjar Jobs), കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് “ഫലസമൃദ്ധി”, ചികിത്സാ സഹായത്തിനും മറ്റു സേവന പ്രവർത്തനങ്ങൾക്കും “കൈത്താങ്ങ്” എന്നിങ്ങനെ വിവിധ പ്രകാരങ്ങളിലുള്ള സേവന പ്രവർത്തനങ്ങൾ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്നു.
കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം കൂട്ടിക്കലിലെ പ്രളയ ദുരിത ബാധിതർക്ക് മാത്രം 11 വീടുകൾ കൂട്ടിക്കലിലെ താളുങ്കലിൽ ഹൗസിംഗ് കോളനി ആയി നിർമ്മിച്ചു നൽകിയിരുന്നു. വിവിധ കമ്പനികളുടെ സി.എസ്.ആർ. (CSR) ഫണ്ടുകൾ ഉപയോഗിച്ചും, ഉദാരമതികളായ വ്യക്തികളുടെ സഹകരണത്തോടു കൂടിയാണ് സേവന പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്.
മംഗളഗിരിയിൽ നിർമ്മാണം പൂർത്തീകരിച്ച ഭവനത്തിന്റെ താക്കോൽ കൈമാറ്റം ഇന്ന് രാവിലെ 11 മണിക്ക് നിർവഹിക്കും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വർഗീസ്, പഞ്ചായത്ത് മെമ്പർമാരായ സണ്ണി കണിയാംകണ്ടം, ജിലു സജി, ജിബിൻ സെബാസ്റ്റ്യൻ, സർവീസ് ആർമി പൂഞ്ഞാർ ഭാരവാഹികളായ ബിനോ ജോൺ ചാലക്കുഴി, സാജു പുല്ലാട്ട്, അലൻ വാണിയപ്പുര, ജാൻസ് വയലിക്കുന്നേൽ, സി.വി. ജോസഫ് ചെങ്ങഴശ്ശേരി, ഡേവിസ് പാമ്പ്ലാനി, ബിനോയ് സി. ജോർജ് പൊതുപ്രവർത്തകരായ അമ്മിണി തോമസ്, അഡ്വ. ജസ്റ്റിൻ കടപ്ലാക്കൽ, ഐസക് ഐസക്, വിനോദ് ജോസഫ്, സിബി രഘുനാഥൻ, ഡോ. ജോസ് കാനാട്ട്, ബാലകൃഷ്ണൻ തെക്കേടത്ത്, ജോസുകുട്ടി കല്ലൂർ, ലിജോ ഇടക്കാട്ട്, റോഷ്നി മുകാലയിൽ തുടങ്ങിയവർ പ്രസംഗിക്കും.





