General

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെത്തി ജനങ്ങളുടെ പരാതികൾ കേട്ട് ജില്ലാ കളക്ടർ

പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെത്തി ജനങ്ങളിൽ നിന്നു പരാതി സ്വീകരിച്ചു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിൽ ജില്ലാ കളക്ടറെ നേരിട്ടു കണ്ട് 46 പേരാണ് പരാതികൾ നൽകിയത്.

അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ പരാതികൾ. വീട്ടിലേയ്ക്കുള്ള വഴി, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ്, എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രജിസ്റ്റർ ചെയ്തിട്ടും അഭിമുഖത്തിന് വിളിക്കാത്തത്, സർവേ നമ്പരിലെ പിഴവ് തിരുത്തൽ, വീടിന്റെ അറ്റകുറ്റപ്പണി, ലൈഫ് മിഷനിൽ അനുവദിച്ച വീടുകൾ പൂർത്തീകരിക്കാൻ കൂടുതൽ ധനസഹായം, മുതിർന്ന പൗരന്മാർക്കു വീൽ ചെയർ, റോഡിലെ വെള്ളക്കെട്ട്, ജലജീവൻ മിഷൻ പദ്ധതിയ്ക്കായി പൊളിച്ച റോഡുകൾ നന്നാക്കൽ, കുടിവെള്ളത്തിൽ മാലിന്യം കലക്കൽ, പട്ടയം അനുവദിക്കൽ, ചികിത്സാ സഹായം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികളാണ് ജില്ലാ കളക്ടർക്കു ഗ്രാമപഞ്ചായത്ത് നിവാസികൾ നൽകിയത്.

പരാതിക്കാരിൽനിന്നു വിവരങ്ങൾ തേടിയ ജില്ലാ കളക്ടർ അപേക്ഷകൾ വിശദമായി പരിശോധിച്ചശേഷം നടപടികൾ എടുക്കാമെന്ന് അറിയിച്ചു. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ, തദ്ദേശസ്വയംഭരണവകുപ്പ് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, പഞ്ചായത്ത് സെക്രട്ടറി മായാ എം. നായർ എന്നിവർ സന്നിഹിതരായിരുന്നു.

പരാതി സ്വീകരിക്കുന്നതിനു മുന്നോടിയായി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ പുരസ്‌കാരവിതരണവും വിദ്യാദീപം പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ കളക്ടർ നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *